
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നപ്പോൾ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് പതനമെന്ന് പ്രവചനം. അഞ്ച് ഏജൻസികൾ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. ബിജെപി 142 മുതൽ 208 സീറ്റ് വരെ നേടി അധികാരം പിടിക്കുമെന്നാണ് സർവേ ഫലങ്ങൾ. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടന്നത്. രണ്ട് ഘട്ടങ്ങളിലും കനത്ത പോളിംഗ് ആണ് നടന്നത്. വോട്ടെടുപ്പ് അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്.
ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, പോൾ ഓഫ് പോൾസ്, മാട്രിസ്, പിഎംഎആർക്യു തുടങ്ങിയ ഏജൻസികളാണ് എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടത്. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലമാണ് പുറത്തുവന്നത്. അതേസമയം കേരളത്തിൽ യുഡിഎഫിന്റെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 90 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്ന് ഏഴ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. എൽഡിഎഫ് അധികാരത്തിന് പുറത്താകുമെന്നാണ് എല്ലാ സർവേകളും പ്രവചിക്കുന്നത്. എൽഡിഎഫ് എഴുപത് സീറ്റുകളിലേക്ക് എത്തില്ലെന്നാണ് സർവേകൾ വിലയിരുത്തുന്നത്.
അതേസമയം ഇന്ന് പശ്ചിമ ബംഗാളിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂരിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. സുവേന്ദു അധികാരിയും തൃണമൂൽ പ്രവർത്തകരും തമ്മിലെ തർക്കം സംഘർഷത്തിന് വഴിവച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







