എക്‌സൈസ് ഇൻസ്‌പെക്ടറുടെ മേശപ്പുറത്ത് ഷാപ്പ് കോൺട്രാക്ടർ വച്ച ഫയലിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ് 25,000 രൂപ..! കൊറോണക്കാലത്തും ബാറും ഷാപ്പും അടയ്ക്കാൻ എക്‌സൈസ് സമ്മതിയ്ക്കാത്തതിന്റെ ഗുട്ടൻസ് പിടികിട്ടി; രോഗം പടരുമ്പോഴും കൈക്കൂലിയ്ക്കു കുറവില്ലാതെ എക്‌സൈസ് വകുപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണക്കാലത്തും ബാറുകളും ഷാപ്പുകളും അടയക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ സമ്മതിക്കാത്തതിന്റെ രഹസ്യം പുറത്ത്..! ചങ്ങനാശേരി എക്‌സൈസ് ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. എക്‌സൈസ് ഓഫിസിലെ മേശപ്പുറത്ത് ഷാപ്പ് കോൺട്രാക്ടർ വച്ചിരുന്ന ഫയലിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ് കണ്ടെത്തിയത് കാൽ ലക്ഷത്തോളം രൂപയാണ്. കണക്കിൽപ്പെടാതെ ഫയലിനുള്ളിൽ കണ്ടെത്തിയ 25,000 രൂപ കൈക്കൂലിയായി കണക്കു കൂട്ടി വിജിലൻസ് സംഘം പിടിച്ചെടുക്കുകയും ചെയ്തു.
കോട്ടയം എക്‌സൈസ് റേഞ്ച് ഓഫീസിൽ നിന്നും കണക്കിൽ പെടാത്ത 5,500/ രൂപ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ കൈവശം കണക്കിൽ പെടാത്ത 8,000 രൂപയും കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ എക്‌സൈസ് ഓഫീസുകളിൽ ബാർ ലൈസൻസും ഷാപ്പ് ലൈസൻസും പുതുക്കുന്നതിനുള്ള അപേക്ഷയിന്മേൽ വൻ അഴിമതി നടക്കുന്നതായാണ് വിജിലൻസ് സംഘത്തിനു വിവരം ലഭിച്ചത്. തുടർന്നാണ് വിജിലൻസ് സംഘം വ്യാഴാഴ്ച ജില്ലയിലെ എക്‌സൈസ് ഓഫിസിൽ മിന്നൽ പരിശോധന നടത്തിയത്.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റേയും കോട്ടയം യൂണിറ്റ് ഡി.വൈ.എസ്. പി. എൻ. രാജന്റേയും, ആലപ്പുഴ യൂണിറ്റ് ഡി.വൈ.എസ്.പി. വിശ്വനാഥൻ എ. കെ. യുടേയും നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തുകയായിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് കോട്ടയത്തും റെയിഡ് നടന്നത്.
വിജിലൻസ് ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന, കെ. വി. ബെന്നി, എൻ. ബാബുക്കുട്ടൻ ടിപ്‌സൺ തോമസ് മേക്കാടൻ, രാജേഷ് കെ. എൻ. തുടങ്ങിയവരും വിജിലൻസിലെ വിവിധ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.