സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ റാണി റൈസിന്റെ ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവഞ്ചൂർ കോമളശേരി കെ.എസ് അനന്തു (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവഞ്ചൂർ ആലത്തുപറമ്പിൽ അനന്തുസജിമോനെ (15) പരിക്കുകളോടെ കോട്ടയം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ ചെറുവാണ്ടൂരിലായിരുന്നു സംഭവം. ഏറ്റുമാനൂരിൽ നിന്നും തിരുവഞ്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷ. കെ.എസ് അനന്തുവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ചെറുവാണ്ടൂർ ഭാഗത്തു വ്ച്ചു നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റാണി റൈസിന്റെ ലോറിയുടെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കിടന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് വണ്ടയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഇരുവരെയും കാരിത്താസിലെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ചാണ് അനന്തുമരിച്ചത്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി വാഹനങ്ങൾ മാറ്റിയിട്ടു. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു.