
യുഡിഎഫ് ക്യാമ്പിലെ വിള്ളല്‍ ഗുണം ചെയ്യുക വി എന്‍ വാസവന്; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ട് അനുഗ്രഹം വാങ്ങി നായര്‍ വോട്ടുകള്‍ ഉറപ്പിച്ച് ടി എന്‍ ഹരികുമാര്‍; ലതിക ഫാക്ടര്‍ നിര്‍ണ്ണായക ഘടകമാകും; ഏറ്റുമാനൂര്‍ മണ്ഡലത്തെ ഉറ്റുനോക്കി കേരളം
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: നിശബ്ദ പ്രചരണം തകൃതിയായി മുന്നേറുമ്പോള്‍ ഏറ്റവും ശക്തമായ മത്സരത്തിന് വേദിയാവുകയാണ് ഏറ്റുമാനൂര്‍ മണ്ഡലം. തല മുണ്ഡനം ചെയ്ത് സ്വതന്ത്രയായി ലതികാ സുഭാഷ് മത്സരിക്കാനിറങ്ങിയതോടെയാണ് ഏറ്റുമാനൂര്‍ മണ്ഡലം കേരളത്തിലെ നിര്‍ണ്ണായക മണ്ഡലങ്ങളിലൊന്നായത്. മൂന്ന് മുന്നണിയുടെയും ശക്തരായ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമാണ് ഭാഗ്യപരീക്ഷണത്തിന് ലതികയും കളത്തിലിറങ്ങുന്നത്. എന്നാല്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ഏറ്റവുമധികം വിജയസാധ്യത പ്രതീക്ഷിക്കുന്നത് ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി വി എന്‍ വാസവനാണ്.
ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുമെന്ന പ്രവചനങ്ങളും വാസവാന് ഗുണം ചെയ്യും. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വിജയപ്രതീക്ഷയേറെയുള്ള വി എന്‍ വാസവന് മന്ത്രിസഭയിലെത്താനുള്ള സാധ്യതകളും സമ്മതിദായകരെ ആവേശത്തിലാക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികള്‍ക്കായി 1200 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരുന്നത്. അതില്‍ 800 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. ഇത് കൂടാതെ പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി 564 കോടിയും അനുവദിച്ചു .അതില്‍ നിന്നും 134 കോടി രൂപ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിന്റെയെല്ലാം പിന്നില്‍ മെഡിക്കല്‍ കോളേജ് വികസന സമിതിയിലെ സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ നോമിനി കൂടിയായ
വാസവന്‍ എന്ന വികസന നായകന്റെ കഠിന പ്രയത്‌നമാണെന്ന തിരിച്ചറിവും വോട്ടെടുപ്പില്‍ പ്രതിഫലിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലതികാ ഫാക്ടര്‍ യുഡിഎഫ് ക്യാമ്ബിലുണ്ടാക്കുന്ന വിള്ളലില്‍ തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥി ആത്മവിശ്വാസം കൂട്ടുന്നത്. ലതികാ ഫാക്ടര്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും അത് ഫലത്തില്‍ ഗുണം ചെയ്യുമെന്നും വിഎന്‍ വാസവനും പ്രതീക്ഷിക്കുന്നു .
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ ടി എന്‍ ഹരികുമാറിന് അനുകൂലമാകുമന്ന് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായി സുരേഷ് കുറുപ്പിന് കിട്ടിക്കൊണ്ടിരുന്ന നായര്‍ വോട്ടുകള്‍ കൈക്കലാക്കാന്‍ എന്‍ ഡി എക്ക് കഴിയും. മുട്ടമ്പലം എന്‍ എസ് എസ് കരയോഗം പ്രസിഡന്റും സജീവ കരയോഗ പ്രവര്‍ത്തകനുമായ ടി എന്‍ ഹരികുമാര്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു.
മണ്ഡലത്തിലെ മുപ്പതിനായിരത്തോളം വരുന്ന നായര്‍ വോട്ടുകള്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ്. സുരേഷ് കുറുപ്പ് മത്സരരംഗത്ത് ഇല്ലാത്തതിനാല്‍ ഈ വോട്ടുകള്‍ ആര് നേടും എന്ന കാര്യം വ്യക്തമല്ല.
സമുദായ അംഗമായ ലതികാ സുഭാഷ് മത്സര രംഗത്ത് ഉണ്ടെങ്കിലും സ്വതന്ത്രയുടെ പരിവേഷം ഉള്ളത്കൊണ്ട് വോട്ട് ലഭിക്കാനിടയില്ല. മുന്നണി സ്ഥാനാര്‍ത്ഥിയായി ലതിക മത്സരിച്ചിരുന്നുവെങ്കില്‍ സമുദായ അംഗങ്ങള്‍ ഒപ്പം കണ്ടേനേ.
വനിതകള്‍ക്ക് സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും ഏറ്റുമാനൂരില്‍ ജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നത് എന്നും ലതികാ സുഭാഷ് പറയുമ്പോള്‍ ഏറ്റുമാനൂരില്‍ അവര്‍ പിടിക്കുന്ന വോട്ടിനും പ്രാധാന്യം ഏറുകയാണ്. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലതികയ്ക്കായി സ്വമേധയാ പ്രചരണരംഗത്തുണ്ടായിരുന്നു. ലതികാ ഫാക്ടര്‍ തന്നെയാവും ഏറ്റുമാനൂരിന്റെ ഭാവി കുറിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സീറ്റ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കിട്ടിയ ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സാധാരണക്കാരുടെ ശബ്ദം നിയമസഭയിലെത്തിക്കാന്‍ പ്രിന്‍സ് ലൂക്കോസ് വിജയിക്കണമെന്നായിരുന്നു പ്രചാരണത്തിനെത്തിയ ഉമ്മന്‍ ചാണ്ടിയുടെ ആഹ്വാനം. ഉമ്മന്‍ചാണ്ടി പ്രചരണ രംഗത്തുള്‍പ്പെടെ ഒപ്പം നിന്നത് പ്രിന്‍സിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.