play-sharp-fill
ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പൊലീസിന്റെ പദ്ധതി: ഗതാഗതം അടിമുടി അഴിച്ചു പണിതു: ഇനി മാറേണ്ടത് വാഹനയാത്രക്കാർ

ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പൊലീസിന്റെ പദ്ധതി: ഗതാഗതം അടിമുടി അഴിച്ചു പണിതു: ഇനി മാറേണ്ടത് വാഹനയാത്രക്കാർ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പുത്തൻ പദ്ധതിയുമായി പൊലീസ്. പല തവണ പരീക്ഷിച്ച പരാജയപ്പെട്ട പല ഗതാഗത പരിഷ്‌കാരങ്ങൾ ഉപേക്ഷിച്ചാണ് പൊലീസ് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തുന്നത്.
തിങ്കളാഴ്ച മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. എംസി റോഡ് അടക്കമുള്ള പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം കുറച്ച് മറ്റ് റോഡുകളിലേയ്ക്ക് ഇത് തിരിച്ചു വിടുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി ടൗണിലെത്താതെ വാഹനങ്ങൾ തിരിയേണ്ട സ്ഥലങ്ങളിൽ പോലീസ് ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ ജംഗ്ഷനിലും കുരിശുപള്ളി കവലയിലും പേരൂർ കവലയിലും പടിഞ്ഞാറെ നടയിലും സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്. ടൗണിലെ ബസ് സ്റ്റോപ്പുകളെ പുനക്രമീകരിച്ചും വലിയ വാഹനങ്ങൾക്ക് വൺ വേ ഏർപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച മുതൽ ഗതാഗതനിയന്ത്രണം ഭാഗികമായി നടപ്പാക്കിയിരുന്നു. കാരിത്താസ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് നേരത്തെ പുനക്രമീകരിച്ചിരുന്നു. ബസ് ബേയിൽ നിന്നും ഓട്ടോ സ്റ്റാന്റ് മാറ്റി. ഏറ്റുമാനൂർ ടൗണിൽ പാലാ റോഡിൽ ഗവ. ഹൈസ്‌കൂളിന് എതിർവശത്തുള്ള ബസ് സ്റ്റോപ്പ് നിര്ത്തലാക്കുമെന്ന് പറഞ്ഞിരുന്നത് പുനപരിശോധിക്കും. സിഐ എ.ജെ.തോമസ്, എസ്.ഐ പ്രശാന്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് നിരത്തിലിറങ്ങി വാഹനങ്ങൾക്ക് നിർദേശങ്ങൾ നൽകിത്തുടങ്ങി.

ഗതാഗത ക്രമീകരണം ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ പാറോലിക്കലിൽ നിന്നും തിരിഞ്ഞ് പഴയ എംസി റോഡിലൂടെ ഏറ്റുമാനൂർ സ്റ്റാൻഡിൽ എത്തണം.

വൈക്കം, മൂവാറ്റുപുഴ ഭാഗത്തുനിന്നും പാലാ, അയർകുന്നം ഭാഗങ്ങളിലേക്ക് പോകേണ്ട സർവീസ് ബസുകളല്ലാത്ത വാഹനങ്ങൾ ടൗണിലെത്താതെ തവളക്കുഴിയിൽ നിന്നും തിരിഞ്ഞ് പാലാ റോഡിൽ മംഗലം കലുങ്ക് ജംഗ്ഷനിലെത്തി യാത്ര തുടരണം.

എറണാകുളം ഭാഗത്തുനിന്നും ബസ് സ്റ്റാന്റിൽ കയറാതെ അതിരമ്പുഴ റോഡിലൂടെ പോകുന്ന ദീര്ഘദൂര ബസുകൾ പടിഞ്ഞാറെ നടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് നീണ്ടൂർ റോഡിലൂടെ കുരിശുപള്ളി കവലയിലെത്തി യാത്ര തുടരണം.
പാലാ റോഡിൽ പേരൂർ കവല മുതൽ സെൻട്രൽ ജംഗ്ഷൻ് വരെ ഭാഗികമായി വൺവേ ആയിരിക്കും.

പാലാ, അയർകുന്നം, പേരൂർ ഭാഗങ്ങളിലേക്കുള്ള ബൈക്ക്, കാർ തുടങ്ങിയ ചെറിയ വാഹനങ്ങൾ ഒഴികെ എല്ലാ വലിയ വാഹനങ്ങളും എം.സി.റോഡിലൂടെ പോയി പടിഞ്ഞാറെ നടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ടെമ്പിൾ റോഡിലൂടെ പേരൂർ കവലയിൽ എത്തി യാത്ര തുടരണം.

പാലാ, അയർകുന്നം, പേരൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾക്ക് പേരൂർ കവലയിൽ ഇനി സ്റ്റോപ്പില്ല. എല്ലാ ബസുകളും കോവിൽപാടം റോഡില് വ്യാപാരഭവന് മുന്നിലെ പുതിയ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കണം. ഇതിനിടെ എം.സി.റോഡിൽ് തിരു ഏറ്റുമാനൂരപ്പന് ബസ് ബേയിലും നിർത്തി യാത്രക്കാരെ കയറ്റിയിറക്കാവുന്നതാണ്.

പാലാ റോഡിൽ നിന്നും ടെമ്പിൾ റോഡിലേക്കും ടെമ്പിൾ റോഡില് നിന്ന് എം.സി.റോഡിലേക്കും പ്രവേശനമുണ്ടായിരിക്കില്ല. ക്ഷേത്രത്തിൽ നിന്നും മറ്റും എം.സി.റോഡിലേക്ക് പ്രവേശിക്കേണ്ടവർ ടെമ്പിൾ റോഡിലൂടെ പേരൂർ കവലയിലെത്തി പാലാ റോഡിലൂടെ സെൻട്രൽ ജംഗ്ഷനിലെത്തണം.

മഹാദേവക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് എം.സി.റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ മൈതാനത്തിന്റെ വടക്കു ഭാഗത്തെ ഗേറ്റ് കടന്ന് വികെബി റോഡിലൂടെ പോകാവുന്നതാണ് (ദേവസ്വം ഗേറ്റ് തുറന്നിടുകയാണെങ്കിൽ).

മൂവാറ്റുപുഴ ഭാഗത്തു നിന്നും നീണ്ടൂർ, അതിരമ്പുഴ, മാന്നാനം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങൾക്ക് തവളക്കുഴിയിൽ നിന്നും ശക്തിനഗറിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് നീണ്ടൂർ റോഡിലെത്തി യാത്ര തുടരാവുന്നതാണ്.
കെ.എസ്.ആർ്.ടി.സി.സ്റ്റാന്റിലെ ഓട്ടോസ്റ്റാന്റ് പൂർണമായി ഒഴിവാക്കി.

കെ.എസ്.ആർ.ടി.സി സ്റ്റാന്റ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെ എം.സി. റോഡിന്റെ ഇടതു വശം നോ പാർക്കിംഗ് ഏരിയ ആയിരിക്കും.

കാരിത്താസ് ജംഗ്ഷനിൽ – കോട്ടയം, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്കുള്ള ബസുകള് ജംഗ്ഷനു മുമ്പ് എം.സി.റോഡിലും മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് വരുന്ന ബസുകള് അമ്മഞ്ചേരി റോഡിലും എം.സി.റോഡിലൂടെ കോട്ടയം ഭാഗത്തുനിന്നും വരുന്ന ബസുകകൾ ജംഗ്ഷനു മുമ്പുമാണ് നിർത്തുക.

എം.സി.റോഡിൽ നിന്നും കാരിത്താസ് ആശുപത്രിയിലേക്കും മറ്റും പോകേണ്ട വാഹനങ്ങൾക്കു കവലയില് നിന്നും ഇടത്തോട്ട് കയറി പോകാം. എന്നാൽ ഇരുചക്രവാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾക്ക് കാരിത്താസ് ആശുപത്രി ഭാഗത്തുനിന്നും എം.സി.റോഡിലേക്ക് പ്രവേശനമില്ല.

കാരിത്താസ് ആശുപത്രിയിൽ നിന്നും പരിസരങ്ങളിൽ ്നിന്നും ഏറ്റുമാനൂർ, പാലാ, അതിരമ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ എം.സി.റോഡിലൂടെ 101 കവലയിലോ പാറോലിക്കലോ ഏറ്റുമാനൂർ ടൗണിലോ എത്തി യാത്ര തുടരണം. കോട്ടയം ഭാഗത്തേക്കുള്ളവർക്ക് പഴയ എം.സി.റോഡിലൂടെ ചൈതന്യയുടെ മുമ്പിലോ തെള്ളകത്തോ എം.സി.റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.

കിടങ്ങൂർ ഭാഗത്തുനിന്നും മെഡിക്കൽ കോളേജ്, കോട്ടയം ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങൾക്കും ഏറ്റുമാനൂർ ടൗണിൽ പ്രവേശിക്കാതെ വെട്ടിമുകളില് നിന്നും ഇടത്തോട്ട് തിരിഞ്ഞ്, കണ്ണമ്പുര, പള്ളികുന്ന്, പേരൂര് കണ്ടംചിറ, മന്നാമല വഴി തെള്ളകത്ത് എം.സി.റോഡില് പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്. തിരിച്ചും ഇതേ വഴി തന്നെ പോയി പാലാ റോഡില് പ്രവേശിക്കാം.