വിദ്യാർത്ഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു; പിന്നെ നടന്നത് കൂട്ടത്തല്ല് ; ചിതറിയോടി സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ
ഏറ്റുമാനൂർ: വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെച്ചൊല്ലി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരം 4.30ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്സ്റ്റാൻഡിലാണ് സംഭവം. ഒരു വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിന് ഇടയാക്കിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമ്പതോളം വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഈ സമയം സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്നു. സംഘർഷം കനത്തതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചിതറിയോടി.
നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. വിശ്വനാഥൻ സംഘട്ടനത്തിനിടയിൽപ്പെട്ട് സാധനങ്ങളും മറ്റും നഷ്ടപ്പെടാതിരിക്കാൻ ബസ് അനൗൺസ്മെന്റ് ബോക്സിലെ മൈക്ക് ഉപയോഗിച്ച് യാത്രക്കാർക്കു മുന്നറിയിപ്പ് നൽകി. രണ്ടു വാഹനങ്ങളിലായി പോലീസ് സംഘം എത്തിയതോടെ വിദ്യാർഥികൾ സംഘർഷത്തിൽനിന്ന് പിൻവാങ്ങുകയും സ്ഥലം വിടുകയും ചെയ്തു.