play-sharp-fill
എം.സി റോഡിൽ ഏറ്റുമാനൂരിൽ സ്‌കൂട്ടറും കള്ളുലോറിയും കൂട്ടിയിടിച്ചു: സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; അപകടത്തിൽ എം.സി റോഡിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു

എം.സി റോഡിൽ ഏറ്റുമാനൂരിൽ സ്‌കൂട്ടറും കള്ളുലോറിയും കൂട്ടിയിടിച്ചു: സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; അപകടത്തിൽ എം.സി റോഡിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു

സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂരിൽ സ്‌കൂട്ടറും കള്ളുമായി എത്തിയ മിനി ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ എംസി റോഡിൽ ഏറ്റുമാനൂരിനു മുൻപ് വിമല ആശുപത്രിയ്ക്കു സമീപത്തെ വളവിലായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട് നിന്നും കള്ളുമായി കോട്ടയത്തേയ്ക്കു വരികയായിരുന്നു മിനി ലോറി.
ലോറി ഏ്റ്റുമാനൂർ വിമല ആശുപത്രിയ്ക്കു സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ നിയന്ത്രണം നഷ്ടമായി എത്തുന്നത് കണ്ട് ലോറി പരമാവധി ഒരു വശത്തേയ്ക്ക് ഒതുക്കി.
എന്നിട്ടും, നിയന്ത്രണം കിട്ടാതെ വന്ന് ലോറിയ്ക്കു മുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽ കുടുങ്ങിയ സ്‌കൂട്ടറിൽ നിന്നും യാത്രക്കാരനെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.
ലോറി ഡ്രൈവർ അടക്കമുള്ളവർചേർന്ന് ഇതുവഴി എത്തിയ ആംബുലൻസിലാണ് പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ പരിക്കേറ്റയാളെ ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എം.സി റോഡിൽ ഏറ്റുമാനൂരിനു തൊട്ടു മുൻപുള്ള വളവിൽ അപകടം ഉണ്ടായതിനെ തുടർന്ന് ഏറ്റുമാനൂരിലും  എംസി റോഡിലും വൻ ഗതാതക്കുരുക്കുണ്ടായി. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ഗതാഗതക്കുരുക്കഴിച്ചത്.