ഏറ്റുമാനൂരിൽ അരിയിൽ കണ്ടെത്തിയത് കൊടും വിഷം: അരിയിറക്കിയ അഞ്ചു തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം; അരി കേടാകാതിരിക്കാൻ വിതറിയത് കാൽസ്യം ഫോസ്‌ഫേറ്റ് എന്ന കൊടും വിഷം

ഏറ്റുമാനൂരിൽ അരിയിൽ കണ്ടെത്തിയത് കൊടും വിഷം: അരിയിറക്കിയ അഞ്ചു തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം; അരി കേടാകാതിരിക്കാൻ വിതറിയത് കാൽസ്യം ഫോസ്‌ഫേറ്റ് എന്ന കൊടും വിഷം

സ്വന്തം ലേഖകൻ
കോട്ടയം: അരിച്ചാക്ക് ഇറക്കിയ തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കൊടും വിഷം. അരി കേടാകാതിരിക്കാൻ കൊടും വിഷമായ കാൽസ്യം ഫോസ്‌ഫേറ്റും, സെൽഫോസും അരിയിൽ വിതറിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
അഞ്ചു തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിൽ എത്തിച്ച അരി ഇറക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഇതേ സ്ഥാപനത്തിന്റെ തന്നെഅതിരമ്പുഴയിലെ ഗോഡൗണിൽ നിന്നും വിതരണത്തിനായാണ് അരി എത്തിച്ചത്. ഒരു കണ്ടെയ്‌നർ നിറയെ അരിയാണ് ഗോഡൗണിൽ കൊണ്ടു വന്നത്. ഈ അരി ഇറക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
കണ്ടെയ്‌നർ ലോറിയിൽ നിന്നും മുപ്പതോളം ചാക്ക് അരി ഇറക്കുന്നതിനിടെ ശ്വാസതടസവും, ചൊറിച്ചിലും ഉണ്ടായാതായി തൊഴിലാളികൾ അറിയിക്കുകയായിരുന്നു. തുടർന്ന് അരി ഇറക്കുന്നത് നിർത്തി വച്ചു.
തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും പൊലീസിലും ഇവർ വിവരം അറിയിച്ചു.
ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ നിന്നും സെൽഫോസിന്റെയും കാൽസ്യം ഫോസ്‌ഫേറ്റിന്റെയും പൊട്ടിച്ച കവറുകൾ കണ്ടെത്തിയത്.  ഇവ കണ്ടെത്തിയ തൊഴിലാളികൾ ഈ കീടനാശിനി കവറുകൾ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറി.
ഏറ്റുമാനൂർ എസ്.ഐ അനൂപ് സി.നായർ, ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂർ സർക്കിൾ ഓഫീസർ ഡോ.തെരസിലിൻ ലൂയിസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് ഈ അരിയും, രാസവസ്തുക്കളുടെ പാക്കറ്റുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
  കണ്ടെത്തിയ രാസവസ്തുക്കൾ കീടങ്ങളെ നശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നവയാണെന്നാണ് സൂചന. കീടനാശിനിയായി ഉപയോഗിക്കുന്ന ഇവ, പ്രയോഗിക്കുന്നതിനും വിൽക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമുണ്ട്. എന്നാൽ, ഈ അനുമതി ഒന്നുമില്ലാതെയാണ് ഇവ ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
സാമ്പിൾ പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡോ. തെരസിലിൻ ലൂയിസ് പറഞ്ഞു.
ഇപ്പോൾ എത്തിയ അത്രയും ചാക്ക് അരി ബാച്ച് നമ്പരും മറ്റും രേഖപ്പെടുത്തി സൂക്ഷിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ഫലം എത്തിയ ശേഷം കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളെ കുറിച്ച് ചിന്തിക്കുമെന്നും  ഏറ്റുമാനൂർ നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി.പി.മോഹൻദാസ് പറഞ്ഞു.
നഗരസഭാ ചെയർമാൻ ജോർജ് പുല്ലാട്ട്, വൈസ് ചെയർപേഴ്‌സൺ  ലൌലി ജോർജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസൻ തോമസ്, പൊതുമരാമത്ത് സ്ഥിരം സമി അധ്യക്ഷ വിജി ഫ്രാൻസിസ്, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഗണേശ് ഏറ്റുമാനൂർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു എന്നിവരും സ്ഥലത്തെത്തി.
അതേസമയം ഈ കീടനാശിനി വെയർഹൌസുകളിലും സിവിൽ സപ്ലൈസ് ഗോഡൌണുകളിലും ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കടയുടമ തോമസുകുട്ടി പറയുന്നത്. വിവരമറിഞ്ഞ് ഏറ്റുമാനൂർ പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും സ്ഥലത്തെത്തി.