ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനെത്തുന്ന ഭക്തരെ എതിരേല്‍ക്കാനൊരുങ്ങി ഏറ്റുമാനൂര്‍ നഗരം….! ഏഴരപ്പൊന്നാന ദര്‍ശനം ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് അര്‍ധരാത്രി; കര്‍ശന സുരക്ഷയൊരുക്കി പോലീസ്
സ്വന്തം ലേഖിക
കോട്ടയം: ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനെത്തുന്ന ഭക്തരെ എതിരേല്‍ക്കാന്‍ ഏറ്റുമാനൂര്‍ നഗരം ഒരുങ്ങി.
ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് അര്‍ധരാത്രിയാണ് ഏഴരപ്പൊന്നാന ദര്‍ശനം. പുലര്‍ച്ചെ 2നു വലിയ വിളക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുംഭമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ടോടു കൂടി സമാപിക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ഏറ്റുമാനൂരില്‍. കൊടിയേറ്റിനും ആറാട്ടിനുമിടയില്‍ പ്രദോഷം വരാത്ത രീതിയിലാണ് ഏറ്റുമാനൂരിലെ ഉത്സവം. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷം ഇന്നു രാത്രി 12ന് ആസ്ഥാനമണ്ഡപം തുറക്കുകയും ചെയ്യും.
വലിയ കാണിക്കയില്‍ ആദ്യം പണം ഇടാനുള്ള അവകാശം ചെങ്ങന്നൂര്‍ പൊന്നുരുട്ട മഠം കാരണവര്‍ക്കാണ്. തുടര്‍ന്നു ദേവസ്വം ജീവനക്കാരും ഭക്തരും കാണിക്കയര്‍പ്പിച്ചു പ്രാര്‍ഥിക്കുകയും ചെയ്യും. ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനമൊരുക്കാനായി വിപുലമായ ഒരുക്കങ്ങളാണു ദേവസ്വം നടത്തിയിരിക്കുന്നത്.
ഏഴരപ്പൊന്നാന ദര്‍ശനത്തിനു ഭക്തജനങ്ങളെ ക്ഷേത്ര മൈതാനത്തു നിന്നു പടിഞ്ഞാറെ നട വഴി ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിപ്പിക്കും. ഇവിടെ കൊടിമരച്ചുവട്ടിനു സമീപത്തു നിന്നു തെക്കേനടയിലെ സ്റ്റേജ് ഭാഗം വഴി നേരെ കിഴക്കെനടയില്‍ എത്തണം. ഇവിടം വരെ ഭക്തരെ നിയന്ത്രിച്ചു വിടുന്നതിനു കയര്‍ കെട്ടി തിരിച്ചിട്ടുണ്ട്.
കിഴക്കെനടയില്‍ എത്തിയാല്‍ ആസ്ഥാന മണ്ഡപത്തിലേക്ക് പ്രത്യേകം ബാരിക്കേഡ് വഴിയാകും കടത്തിവിടുക. ദര്‍ശനം കഴിഞ്ഞ് കൃഷ്ണന്‍ കോവില്‍ വഴി പുറത്തേക്ക് ഇറങ്ങാം. നാളെ രാത്രി 12നു പള്ളിവേട്ടയ്ക്ക് ദീപക്കാഴ്ചയൊരുക്കും. ഉത്സവത്തിനു സമാപനം കുറിച്ച് ആറാട്ട് നടക്കുന്നത് മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലാണ്. ആറാട്ടു തിരിച്ചെഴുന്നള്ളത്ത് പേരൂര്‍ ജംഗ്ഷനില്‍ എത്തുമ്ബോള്‍ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ വരവേല്‍ക്കും. തുടര്‍ന്നു ക്ഷേത്ര മൈതാനത്ത് എഴുന്നള്ളിപ്പ്.
അതേസമയം മഹാദേവ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ സുരക്ഷ ശക്തമാക്കിയതായി കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിക്കും. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് മുന്‍ കരുതലുള്ളത്.