ഏറ്റുമാനൂരിൽ പായിപ്പാട് മോഡൽ ബംഗാളി കലാപമെന്ന് പ്രചാരണം: ഏറ്റുമാനൂരിൽ ബി.ജെ.പി പ്രവർത്തകൻ പിടിയിൽ; പിടിയിലായത് പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച പ്രതി
ക്രൈം ഡെസ്‌ക്
കോട്ടയം: പായിപ്പാട് മോഡൽ ബംഗാളി കലാപത്തിന് ഏറ്റുമാനൂരിൽ സാധ്യതയുണ്ടെന്നു പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ പിടിയിൽ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥിയായി മത്സരിക്കുകയും, രണ്ടു വർഷം മുൻപ് ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വാടകയ്ക്കു നൽകിയ കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും ഇവരെ ഓടിക്കുന്നതിനു വേണ്ടിയാണ് ഇയാൾ വ്യാജ കഥ ചമച്ചത് എന്ന് അന്വേഷണത്തി വ്യക്തമായി.
ഏറ്റുമാനൂർ പേരൂർമാലിയിൽ മോൻസി പി തോമസിനെ (49)യാണ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായി ഇയാളുടെ നേതൃത്വത്തിൽ വ്യാജ പ്രചാരണം നടത്തിയതും, വിവിധ മാധ്യമങ്ങളിൽ അടക്കം ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂരിലെ ഇയാളുടെ കെട്ടിടത്തിലും വീട്ടിലുമായി 25 ലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. കൊറോണ മൂലം തൊഴിൽ നഷ്ടമായ ഇവർക്കുള്ള ചിലവ് കരാറുകാരും, വീട്ടുടമസ്ഥരും വേണം വഹിക്കാനെന്നു ജില്ലാ ഭരണകൂടവും സർക്കാരും നിർദേശിച്ചിരുന്നു.
ഇത്തരത്തിൽ ഇവരെ പരിപാലിക്കുന്നത് തനിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതേ തുടർന്നാണ് ഇയാൾ വ്യാജ പ്രചാരണം നടത്തിയത്. ഇയാളുടെ കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായാണ് വ്യാജ പ്രചാരണം നടത്തിയത്.
തൊഴിലാളികൾ പ്രക്ഷോഭം ഉണ്ടാക്കാൻ ശ്രമിച്ചാൽ പോലീസും നഗരസഭയും സർക്കാരും ഇവരെ ഏറ്റെടുക്കുമെന്നായിരുന്നു ഇയാളുടെ കണക്ക് കൂട്ടൽ. തുടർന്നാണ് ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതായി ഏറ്റുമാനൂർ പൊലീസിൽ വിവരം നൽകിയത്. തുടർന്നു പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇയാൾ നൽകിയ വിവരം വ്യാജമാണെന്നു കണ്ടെത്തി.
പൊലീസിൽ നൽകിയ വിവരത്തിന് വിശ്വസത വരുത്താൻ ഒരു ഓൺലൈൻ മാധ്യമത്തിലും ഇയാൾ വാർത്ത നൽകിയിരുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരാതി വ്യാജമാണെന്നു കണ്ടെത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പതിനെട്ടാം വാർഡിൽ ആം ആദ്മി സ്ഥാനാർത്ഥിയായി മോൻസി പി.തോമസ് മത്സരിച്ചിരുന്നു. രണ്ടു വർഷം മുൻപ് ബി.ജെ.പി അംഗത്വം മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരിയിൽ നിന്നാണ് ഇയാൾ സ്വീകരിച്ചത്. ഇത്തവണയും നഗരസഭയുടെ ഏതെങ്കിലും വാർഡിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇപ്പോൾ പ്രതി അറസ്റ്റിലായത്.