ഏറ്റുമാനൂർ നഗരസഭയ്ക്ക് പുതിയ മന്ദിരം: നിർമ്മിക്കുന്നത് നൂതന സാങ്കേതി വിദ്യയിൽ; ചിലവ് മൂന്ന് കോടി
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയ്ക്ക് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സർക്കാർ അനുമതിയായി. നഗരകാര്യ വകുപ്പ് മുഖേന നിർമ്മിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിനായി മൂന്നു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച നാല് നഗരസഭകൾക്കായി 12 കോടി രൂപയാണ് നഗരകാര്യ വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രീ ഫാബ് ഡിസൈൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള മന്ദിരം നിർമ്മിക്കുന്നതിനാണ് നഗരകാര്യ വകുപ്പ് അനുവാദം നൽകിയിരിക്കുന്നത്. ഏറ്റുമാനൂർ, പിറവം, ഹരിപ്പാട്, വടക്കാഞ്ചേരി നഗരസബകൾക്കാണ് ഇതിനായി തുക അനുവദിച്ചിരിക്കുന്നത്.
സ്ഥല സൗകര്യവും ഓഫിസ് നിർമ്മിക്കുന്നതിനുള്ള കൗൺസിൽ തീരുമാനവുമാണ് സർക്കാർ പ്രധാനമായും പരിഗണിച്ചിരിക്കുന്നത്. നഗരസഭ ചെയർമാൻ ജോയി ഊന്നുകല്ലേൽ ഇതു സംബന്ധിച്ചു സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ഈ മാസം 12 ന് കൊച്ചി ഫാക്ടിൽ ചേരുന്ന യോഗത്തിൽ പദ്ധതിയുടെ ഡിപിആർ തീരുമാനിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് വിനോദ്, വിജി ഫ്രാൻസിസ്, കമ്മിറ്റി ചെയർമാൻമാരായ ബോബൻ ദേവസ്യ, ജോർജ് പുല്ലാട്ട്, ബിജു കൂമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.