എരുമേലി കണമലയിലെ കാട്ടുപോത്ത് ആക്രമണം : സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും, നഷ്ടപരിഹാര തുകയും കാത്ത് കുടുംബങ്ങള്‍; സര്‍ക്കാരിന്‍റെ ആ ഉറപ്പ് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ലെന്നു മാത്രമല്ല, ഇവരെ കാണുമ്പോള്‍ ഉദ്യോഗസ്ഥരും കൈമലര്‍ത്തുന്ന സ്ഥിതി !!
സ്വന്തം ലേഖകൻ
കണമല: സ്വന്തം ഭര്‍ത്താക്കന്മാര്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ആലീസും അന്നമ്മയും മനംനൊന്ത് കരഞ്ഞു. പെണ്‍മക്കള്‍ മാത്രമുള്ള ഇരുവര്‍ക്കും വലിയ ആശ്വാസമായിരുന്നു അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, പിണറായി വിജയൻ സര്‍ക്കാരിന്‍റെ ആ ഉറപ്പ് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ലെന്നു മാത്രമല്ല, ഇവരെ കാണുമ്ബോള്‍ ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്.
പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും വനം വകുപ്പില്‍ സ്ഥിരംജോലിയുമായിരുന്നു വാഗ്ദാനം. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ ഒരേദിവസമാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനത്തില്‍പോയി കാട്ടുപോത്തിനെ ആക്രമിച്ചതല്ല അവര്‍. സ്വന്തം വീട്ടുമുറ്റത്താണ് ഇരുവരും മരിച്ചു വീണത്. ഒരാള്‍ സ്വന്തം വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആക്രമിക്കപ്പെട്ടു. മറ്റെയാള്‍ പറമ്ബില്‍ റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുമ്ബോഴാണ് ആക്രമിക്കപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇവര്‍ക്കുപകരം കാട്ടുപോത്താണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ഇരുവരും പ്രതികളായി ജയിലില്‍ കഴിയേണ്ടിവരുമായിരുന്നില്ലേ എന്ന കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്ന ചോദ്യം അന്ന് കേരളത്തില്‍ അലയടിച്ചു. എന്നിട്ടും നീതി കിട്ടാതെ വിഷമിക്കുകയാണ് രണ്ട് വിധവകള്‍. ആകെ നഷ്‌ടപരിഹാരമെന്ന നിലയില്‍ കിട്ടിയത് അഞ്ച് ലക്ഷം രൂപയാണ്. വന്യമൃഗം ആക്രമിച്ച് മനുഷ്യജീവൻ പൊലിഞ്ഞാല്‍ പത്തു ലക്ഷം രൂപ അനുവദിക്കപ്പെടേണ്ട സാഹചര്യത്തിലാണിത്.
ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ആ ദാരുണ സംഭവം. ഇപ്പോള്‍ നാല് മാസം കഴിഞ്ഞു. ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍, അവകാശി യാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ തുടങ്ങി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെല്ലാം ഇവര്‍ നല്‍കി. വീണ്ടും നല്‍കിക്കൊണ്ടുമിരിക്കുന്നു. പക്ഷേ, ഒരു നടപടികളുമില്ല. കിലോമീറ്ററുകള്‍ അകലെയാണ് വനം. അവിടെ നിന്നു പാഞ്ഞെത്തി കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചാണ് കാട്ടുപോത്ത് രണ്ടുപേരുടെ ജീവനെടുത്തത്.
കണമല പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ (പുന്നത്തറ) തോമസ് (60) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വയറിലും ശരീരഭാഗങ്ങളിലും കുത്തേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ചാക്കോച്ചൻ മരണപ്പെട്ടു. ആക്രമണത്തില്‍ കാലൊടിഞ്ഞു തൂങ്ങി വയറില്‍ ഗുരുതര പരിക്കുകളുമായി വീണുകിടന്ന തോമസിനെ ആംബുലൻസെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ ഉടനെ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ജില്ലാ കളക്ടറെത്തി ഉറപ്പ് നല്‍കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നായിരുന്നു നാട്ടുകാര്‍.
മന്ത്രി വി.എൻ. വാസവൻ, ആന്‍റോ ആന്‍റണി എംപി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ കണമലയിലെത്തിയതോടെയാണ് ഉപരോധ സമരം അവസാനിച്ചത്. ഓടിമറഞ്ഞ കാട്ടുപോത്തിനെ ഇന്നും പിടികൂടിയിട്ടില്ല. അതിനുശേഷം കടുവ, പുലി, കാട്ടാനകള്‍ ഉള്‍പ്പെടെ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും ജീവൻ നഷ്‌ടപ്പെടാമെന്ന ഭീതിയിലാണ് നാട്. പക്ഷെ സ്വന്തം ജീവൻ പോയാലും വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്നാണ് നിയമം. മനുഷ്യനേക്കാള്‍ വിലയുണ്ട് വന്യമൃഗങ്ങള്‍ക്കെന്ന നിസഹായ അവസ്ഥയുടെ ഉദാഹരണങ്ങളാണ് ചാക്കോച്ചനും തോമസും.