video
play-sharp-fill

Saturday, May 17, 2025
Homeflashഎറണാകുളം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകാൻ കോൺഗ്രസിൽ അരഡസനോളം നേതാക്കൾ

എറണാകുളം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകാൻ കോൺഗ്രസിൽ അരഡസനോളം നേതാക്കൾ

Spread the love

സ്വന്തംലേഖിക

 

കൊച്ചി: ഹൈബി ഈഡൻ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവാൻ കോൺഗ്രസിൽ നേതാക്കളുടെ കൂട്ടയിടി. ആറുമാസത്തിനുള്ളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജയാഘോഷം തീരുംമുമ്പുതന്നെ നേതാക്കൾ സ്ഥാനാർത്ഥിയാകാൻ കച്ചമുറുക്കി തുടങ്ങി. കോൺഗ്രസിന്റ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്നതാണ് എറണാകുളം മണ്ഡലം. അതുകൊണ്ടുതന്നെയാണ് എറണാകുളത്തെ, നേതാക്കൾ പലരും നോട്ടമിടുന്നതും. അണിയറയിൽ സ്ഥാനാർത്ഥി ചർച്ച മുറുകുകയാണ്. ഇപ്പോഴേ സീറ്റ് ഉറപ്പിക്കാനാണ് ചില നേതാക്കളുടെ ശ്രമം.അര ഡസൻ കോൺഗ്രസ് നേതാക്കളെങ്കിലും എറണാകുളം സീറ്റിൽ കണ്ണുവച്ചിട്ടുണ്ടെന്നാണ് വിവരം. പാർട്ടിയുടെ കുത്തക മണ്ഡലമായതിനാൽ ജയിക്കാമെന്നതാണ് നേതാക്കളുടെ മുഖ്യആകർഷണം. ഹൈബി ഈഡൻ, എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുള്ളതിനാൽ അനായാസ വിജയമാണ് പലരും പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥിയാവാൻ നേതാക്കൾ ആഗ്രഹിക്കുന്നതും ഇക്കാരണത്താലാണ്. അതിനിടെ, സ്ഥാനാർത്ഥിയാവാൻ സാദ്ധ്യതയുള്ള ചില നേതാക്കളുടെ പേരുകൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് പ്രൊഫ. കെ.വി. തോമസിന്റെ പേരാണ് അതിൽ പ്രധാനം. തോമസിന് നറുക്ക് വീഴുമെന്ന് കരുതുന്നവർ ഏറെയാണ്. ഹൈക്കമാൻഡ് ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പച്ചക്കൊടി കാട്ടുമെന്നും ചില നേതാക്കൾ പറയുന്നു.ഇദ്ദേഹത്തെ കൂടാതെ ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. അതേസമയം, ടി.ജെ. വിനോദാണ് പരിഗണനയിൽ മുന്നിലെന്നും സംസാരമുണ്ട്. സാമുദായിക ഘടകങ്ങളും ടി.ജെ വിനോദിന് അനുകൂലമാണ്. മുൻ മേയർ ടോണി ചമ്മിണിക്കും കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നു. കൊച്ചി മേയർ സൗമിനി ജയിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. സാമുദായിക പരിഗണനകൾക്ക് പ്രാധാന്യമുള്ള മണ്ഡലത്തിൽ മുൻ എം.എൽ.എ ഡൊമിനിക് പ്രസന്റേഷനും സാദ്ധ്യതയുണ്ട്. ഐ ഗ്രൂപ്പിന്റെ കൈയിലാണ് മണ്ഡലം. അതിനാൽ ഐ ഗ്രൂപ്പ് നേതാക്കളിൽ ഒരാൾ തന്നെയാകും ഉപതിരഞ്ഞെടപ്പിലും സ്ഥാനാർത്ഥിയാവുക. മറ്റ് സാദ്ധ്യതകൾ പരിഗണിച്ചാലും സീറ്റ് വിട്ടുകൊടുക്കാൻ ഐ ഗ്രൂപ്പ് തയാറാവില്ല. എന്നാൽ, ഗ്രൂപ്പ് പരിഗണനകൾക്ക് അപ്പുറം ജയസാദ്ധ്യതയ്ക്കാണ് പ്രഥമ പരിഗണന നൽകുകയെന്ന് നേതാക്കൾ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇടതുമുന്നണി സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ശക്തരായ സ്ഥാനാർത്ഥികളെയാവും നിറുത്തുക. എങ്ങനെയും വിജയിക്കുക എന്നതാവും ഇടതുമുന്നണിയുടെ തന്ത്രം. അതുകൂടി നോക്കിയുള്ള സ്ഥാനാർത്ഥി നിർണയമാവും കോൺഗ്രസിലും ഉണ്ടാവുക എന്നാണ് സൂചന.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments