ഈരയിൽക്കടവിലെ അമിത വേഗത്തിനു ആദ്യ രക്തസാക്ഷി: മിന്നൽ വേഗത്തിൽ പാഞ്ഞ ബൈക്ക് കാറിലിടിച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു; അപകടം ഉച്ചയ്ക്ക് ഒന്നരയോടെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവിലെ അമിത വേഗത്തിനു ആദ്യ രക്തസാക്ഷി. ഈരയിൽക്കടവ് റോഡിൽ അമിത വേഗത്തിൽ പാഞ്ഞ ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി സ്വദേശിയായ യുവാവാണ് മരിച്ചത്. പുതുപ്പള്ളി ഗോകുലം വീട്ടിൽ ഗോകുൽ (20) ആണ് ബൈക്കിടിച്ചു മരിച്ചത്. ഈരയിൽക്കടവിൽ നിന്നും മുപ്പായിപ്പാടം ഭാഗത്തേയ്ക്കു പോകുന്ന നാലും കൂടുന്ന റോഡിലായിരുന്നു അപകടം. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ദാരുണമായ അപകടം.

മണിപ്പുഴ ജംഗ്ഷൻ ഭാഗത്തു നിന്നും പാഞ്ഞെത്തിയ ആഡംബര ബൈക്കാണ് കാറിൽ ഇടിച്ചു തെറിച്ചത്. ആഡംബര ബൈക്ക് അതിവേഗത്തിൽ മണിപ്പുഴ ഭാഗത്തു നിന്നും ഈരയിൽക്കടവ് റോഡിലേയ്ക്കു പോകുകയായിരുന്നു. ഈ സമയത്ത് കാർ മുപ്പായിപ്പാടം ഭാഗത്തേയ്ക്കു കോടിമയിൽ നിന്നും പോകുകയായിരുന്നു.

ഈ സമയത്ത് രണ്ടു ബൈക്കുകൾ അമിത വേഗത്തിൽ മണിപ്പുഴയിൽ നിന്നും ഈരയിൽക്കടവിലേയ്ക്കു റേസിംങ് നടത്തുകയായിരുന്നു. രണ്ട് ബൈക്കുകൾ മിന്നൽ പോലെ റോഡിലൂടെ പായുകയായിരുന്നു. ഈ രണ്ടു ബൈക്കുകളും മത്സര ഓട്ടം നടത്തുന്നതിനിടെയാണ് നാലും കൂടുന്ന കവലയിലേയ്ക്കു കാർ കയറിയെത്തിയത്. കാറിന്റെ മുന്നിലൂടെ റേസിംങ് മാതൃകയിൽ കാർ മിന്നൽ വേഗത്തിൽ ബൈക്ക് പാഞ്ഞു പോയി. ഇതിനു ശേഷം പിന്നാലെ എത്തിയ രണ്ടാമത്തെ ബൈക്കാണ് കാറിന്റെ മുന്നിൽ ഇടിച്ചു തെറിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെറിച്ച ബൈക്ക് യാത്രക്കാരൻ അൻപതു മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലാണ് തെറിച്ചു വീണത്. ഇവിടെ കാടിനുള്ളിൽ കിടന്ന യുവാവിനെ ഓടിക്കൂടിയ നാട്ടുകാരും ഇവിടെയുണ്ടായിരുന്നവരും ചേർന്നാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഇയാളുടെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിൽ പൊലീസ് കേസെടുത്തു.