ഈരയിൽക്കടവിൽ കൊടൂരാറിൽ മൃതദേഹം പൊങ്ങി: മൃതദേഹം കുന്നമ്പള്ളിയിൽ നിന്ന് കാണാതായ വയോധികന്റേത്
തേർഡ് ഐ ബൂറോ
കോട്ടയം: ഈരയിൽക്കടവിൽ കൊടൂരാറ്റിൽ മൃതദേഹം കണ്ടെത്തി. മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയിലെ കടവിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലാട് കുന്നമ്പള്ളി പുതുമന വീട്ടിൽ ജോസഫാണ് (80) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഗ്നി രക്ഷാ സേന അധികൃതർ മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
വൈകിട്ട് അഞ്ചു മണിയോടെ ആറ്റിലുടെ ഒഴുകിയെത്തിയ മൃതദേഹം കണ്ട് പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതിനിടെ മൃതദേഹം കരയ്ക്കടിയുകയും ചെയ്തു. തുടർന്ന് അഗ്നി രക്ഷാ സേനാ അധികൃതരും പൊലീസും സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബന്ധുക്കൾ എത്തി മരിച്ചത് ജോസഫാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് മകളുടെ കുന്നമ്പള്ളിയിലെ വീട്ടിൽ നിന്നും ജോസഫ് കോട്ടയത്തേയ്ക്ക് പോന്നത്. തുടർന്ന് വൈകുന്നേരത്തോടെ ഇയാളെ കാണാതാകുകയായിരുന്നു. ജോസഫിനെ കാണാതായതായി കാട്ടി ബന്ധുക്കൾ ഈസ്റ്റ് പൊലീസിൽ പരാതിയും നൽകിയിരുന്നു. മൃതദേഹം ജോസഫിന്റെ ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ ടി.ആർ ജിജു അറിയിച്ചു.