മണിമലയിൽ ബ്ളേഡ് ഇടപാടുകാരിയായ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; അഴുകിത്തുടങ്ങിയ മൃതദേഹത്തിന് നാല് ദിവസം പഴക്കം; മരണത്തിൽ ദുരൂഹത: വീടിനുള്ളിൽ മുളക് പൊടി വിതറി; കൊലപാതകമെന്ന് സൂചന
തേർഡ് ഐ ബ്യൂറോ
കാഞ്ഞിരപ്പള്ളി: തനിച്ച് താമസിക്കുന്ന ബ്ളേഡ് ഇടപാടുകാരിയായ വയോധികയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി. കൊലപാതകമെന്ന് സൂചന.
നാല് ദിവസം പഴക്കമുള്ള മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. മണിമല കൊല്ലാറയിൽ ക്ലാരമ്മ (75) യുടെ മൃതദേഹമാണ് നാല് ദിവസമായി വീടിനുള്ളിൽ കിടന്നത്. മൃതദേഹത്തിന് അടുത്ത് നിന്ന് മുളക് പൊടി പാക്കറ്റ് ലഭിച്ചതും , മൃതദേഹം കിടന്ന സ്ഥലത്ത് മുളക് പൊടി വിതറിയിരുന്നതും , ഇവർ തനിച്ച് താമസിക്കുന്നതും ദുരൂഹത ഇരട്ടിയാക്കുന്നു. ശാസ്ത്രീയ പരിശോധനകളുടെയും പോസ്റ്റമാർട്ടത്തിന്റെയും ഫലം ലഭിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തിൽ പൊലീസ് എത്തിച്ചേരൂ. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അയൽവാസികളാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. വീടിന്റെ ഭിത്തിയിലൂടെ ഉറുമ്പ് അരിച്ചിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വീട്ടിൽ പരിശോധന നടത്തിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ മണിമല പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹാളിനും ബെഡ്റൂമിനും ഇടയിലുള്ള വഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇതിന് സമീപത്തായി മുളക് പൊടിയും വിതറിയിരുന്നു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ് മാർട്ടം തിങ്കളാഴ്ച നടക്കും. സൈൻറഫിക് എക്സ്പേർട്ട്സും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
വർഷങ്ങളായി ഇവർ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ബന്ധുക്കളുമായും നാട്ടുകാരുമായി ഇവർ അത്ര അടുപ്പത്തിലും സ്വരച്ചേർച്ചയിലുമല്ലെന്ന് പൊലീസ് പറഞ്ഞു. ചെറിയ തോതിൽ സാമ്പത്തിക ഇടപാടുകൾ ഇവർ നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരങ്ങളില്ല. സംഭവത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.