
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി 20.5 കോടി രൂപയുടെ അമൃത് (അടൽ മിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) കുടിവെള്ള പദ്ധതി നടപ്പാക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണച്ചുമതല കേരള ജല അതോറിട്ടിയ്ക്കാണ്.
ശുദ്ധീകരിച്ച കുടിവെള്ള വിതരണം ലക്ഷ്യമിടുന്ന നഗരസഭയിലെ ആദ്യ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി 39 കിലോമീറ്റർ നീളത്തിൽ ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കും.
ആദ്യഘട്ടത്തിൽ നഗരസഭയിലെ ഏഴുമുതൽ 20 വരെ വാർഡുകളിലും രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള പ്രദേശങ്ങളിലും പൈപ്പ്് ലൈൻ സ്ഥാപിക്കും. 1500 പുതിയ ഗാർഹിക കുടിവെള്ള കണക്ഷനുകളും നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൽ ജീവൻ മിഷൻ വഴി 13 പഞ്ചായത്തുകൾക്കായി നടപ്പാക്കുന്ന മീനച്ചിൽ മലങ്കര പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമിക്കുന്ന ജലശുദ്ധീകരണശാലയുമായി ബന്ധിപ്പിച്ചാണ് നഗരസഭയിൽ ജലവിതരണം നടത്തുക. മലങ്കര പദ്ധതിയിൽ നീലൂരിൽനിന്ന് വെട്ടിപ്പറമ്പിലെ ഭൂതല ജലസംഭരണിയിലേക്കാണു വെള്ളം എത്തിക്കുന്നത്. ഈ ലൈനിൽനിന്ന് തേവരുപാറ ജംഗ്ഷനിൽവച്ച് വെള്ളം തിരിച്ചുവിട്ട് തേവരുപാറയിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ എത്തിക്കാനും ഇവിടെനിന്ന് നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനുമാണ് അമൃത് പദ്ധതി ലക്ഷ്യമിടുന്നത്.
കേന്ദ്ര സർക്കാർ 50, സംസ്ഥാന സർക്കാർ 37.5, നഗരസഭ 12.5 ശതമാനം വീതം ചെലവ് വഹിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.







