
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് കാലത്തിനു ശേഷം അക്ഷര നഗരിയെ വർണാഭമാക്കി ജനസാഗരമായി എൻ്റെ കേരളം പ്രദർശന -വിപണന മേളയുടെ സാംസ്കാരിക ഘോഷയാത്ര.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര നടന്നത്. സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ .അരുൺ കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ നേതൃത്വം നൽകി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ദീപശിഖയേന്തി.
തിരുനക്കര മൈതാനത്തു നിന്നു നാഗമ്പടത്തേക്ക് സാംസ്കാരിക ഘോഷയാത്ര നീങ്ങിയപ്പോൾ പാതയോരത്ത് ആവേശം പകർന്ന് ജനങ്ങൾ തിങ്ങി നിറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരവും പൈതൃകവും വിളിച്ചോതും വിധം വർണാഭമായ ഘോഷയാത്രയിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കർഷകർ, കായിക താരങ്ങൾ, കുടുംബശ്രീ,ഹരിതകർമ സേനാംഗങ്ങൾ, സഹകരണ സംഘങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാർത്ഥികൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ്, സ്കൗട്ട് ആൻ്റ് ഗൈഡ്, ട്രാൻസ്ജൻഡർമാർ, കർഷകർ, സാക്ഷരതാ പ്രവർത്തകർ, ലൈബ്രറി കൗൺസിൽ പ്രവർത്തകർ, സംരംഭകർ, യുവജന ക്ലബ്ബ്,
ഉദ്യോഗസ്ഥർ, ടൂറിസം മേഖലയിലെ പ്രവർത്തകർ, കായിക താരങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സാംസ്കാരിക പ്രവർത്തകർ, തുടങ്ങിയവർ അണിനിരന്നു.
മയിലാട്ടം തെയ്യം ,ഗരുഡൻ പയറ്റ് , കുട്ടികളുടെ റോളർ സ്കേറ്റിംഗ്, കളരിപ്പയറ്റ്, വാൾപ്പയറ്റ് ,മുത്തുക്കുടകൾ കാവടി, സൈക്ലിംഗ് , കോൽകളി, കുതിര സവാരി, നിശ്ചല ദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് ചാരുത പകർന്നു. ശിങ്കാരിമേളവും ബാന്റ് മേളവും ചെണ്ടമേളവും വീഥികളിൽ ശബ്ദ വിസ്മയം തീർത്തു.
ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.