
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നിട്ടും രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കാത്തത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു.
നിലവില്‍ പെട്രോള്‍ ലിറ്ററിന് 18 രൂപയും ഡീസലിന് 35 രൂപയും വീതമാണ് കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നത്.
ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികള്‍ 2022 ഏപ്രിലിന് ശേഷം ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ നീക്കങ്ങള്‍ വിതരണ തടസ്സ ഭീഷണി ഉയർത്തിയതോടെ അസംസ്‌കൃത എണ്ണവില കഴിഞ്ഞ മാസം ബാരലിന് 120 ഡോളറിലേക്ക് കുതിച്ചുയർന്നിരുന്നു.
കഴിഞ്ഞ മാസം പ്രതിദിനം 2400 കോടി രൂപ വരെയായിരുന്ന കമ്പനികളുടെ നഷ്ടം, സർക്കാർ ഇന്ധന നികുതി ലിറ്ററിന് 10 രൂപ വീതം കുറച്ചതോടെയാണ് 1600 കോടി രൂപയായി താഴ്ന്നത്. എന്നാല്‍ ഈ നികുതിയിളവിന്റെ ഗുണം വിപണിയില്‍ വില കുറച്ച് ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം കമ്പനികളുടെ ഭീമമായ നഷ്ടം നികത്താനാണ് ഉപയോഗിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കിയാല്‍ പോലും നിലവിലെ നഷ്ടം നികത്താനാവില്ലെന്നാണ് വ്യവസായ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇറക്കുമതിയെ 88 ശതമാനവും ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ആഗോള വിപണിയിലെ ഈ ചാഞ്ചാട്ടം വരും മാസങ്ങളില്‍ വലിയ സാമ്പത്തിക വെല്ലുവിളിയാകും.



