പെനാൽറ്റി പാഴാക്കി ഹാരി കെയ്ന്‍; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍; മൊറോക്കോയ്ക്ക് സെമിയിൽ നേരിടാനുള്ളത് വീഞ്ഞിനേക്കാള്‍ വീര്യമുള്ള ഫ്രഞ്ച് പടയെ; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

Spread the love

സ്വന്തം ലേഖകൻ

ദോഹ: സ്വപ്നവിജയം സ്വന്തമാക്കിയ മൊറക്കോ കരുതിയിരിക്കുക. കന്നി ലോകകപ്പ് സെമിയില്‍ നിങ്ങള്‍ക്ക് നേരിടാനുള്ളത് വീഞ്ഞിനേക്കാള്‍ വീര്യമുള്ള ഫ്രഞ്ച് പടയെ.

നിലവിലെ ചാമ്പ്യനെ. നായകന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറിയ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17ാം മിനിറ്റില്‍ ഒരു കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യ വല കുലുക്കിയത്. അതിവേഗക്കാരന്‍ എംബാപ്പെയായിരുന്നു ഈ ഗോളിന് പിന്നിലെ ശക്തിസ്രോതസ്. അവസാന പാസ് ഗ്രീസ്മാന്റെയും.

അമ്പത്തിനാലാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി സംശയലേശമന്യോ വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു.

എഴുപത്തിയെട്ടാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡാണ് ഫ്രാന്‍സിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. ഒരു കോര്‍ണറിനുശേഷം ഗ്രീസ്മാന്‍ കൊടുത്ത ക്രോസ് ഡിഫന്‍ഡര്‍ക്കൊപ്പം ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ജിറൂഡ്.

എന്നാല്‍, എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അടുത്ത പെനാല്‍റ്റി ലഭിച്ചു. തിയോ ഹെര്‍ണാണ്ടസ് അനാവശ്യമായി ബോക്സില്‍ മേസണ്‍ മൗണ്ടിന് തള്ളിയിട്ടതിന് വാറിന്റെ സഹായത്തോടെ കിട്ടിയ പെനാല്‍റ്റിയായിരുന്നു.

ജീവന്‍ തിരിച്ചുപിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ അടുത്ത അവസരം. ഇക്കുറിയും കിക്കെടുത്തത് ക്യാപ്റ്റന്‍ കെയ്ന്‍ തന്നെ.

എന്നാല്‍, ഗോളിയുടെ വലത്തേയ്ക്ക് പായിച്ച കെയ്ന്റെ വെടിയുണ്ട ബാറിന് മുകളിലൂടെ പറന്നു. ഒറ്റ ഷോട്ട് കൊണ്ട് നായകന്‍ വില്ലനാവുന്ന കാഴ്ച ഞെട്ടലോടെയാണ് സ്റ്റേഡിയം കണ്ടുനിന്നത്.

പെനാല്‍റ്റി പാഴായതോടെ ഇംഗ്ലണ്ട് ആകെ ഒന്നുലഞ്ഞുപോയി. സമയവും മത്സരവും അവരില്‍ നിന്ന് മെല്ലെ വഴുതിക്കൊണ്ടിരുന്നു. സെമിപ്രവേശനത്തിന്റെ സാധ്യതയും. കഴിഞ്ഞ തവണ റഷ്യയില്‍ ക്രൊയേഷ്യയോട് സെമിയില്‍ തോല്‍ക്കുകയായിരുന്നു ഇംഗ്ലണ്ട്. 2006ലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ക്വാര്‍ട്ടറില്‍ പുറത്തായത്. ഫ്രാന്‍സിന്റെ ആറാം സെമി പ്രവേശമാണിത്.