കോട്ടയം എറണാകുളം അതിർത്തി അടച്ചു : ജില്ലയിൽ മെയ് ഒന്നിന് ശുചീകരണ യജ്ഞം; സാമ്പിള്‍ പരിശോധന വിപുലീകരിക്കും

കോട്ടയം എറണാകുളം അതിർത്തി അടച്ചു : ജില്ലയിൽ മെയ് ഒന്നിന് ശുചീകരണ യജ്ഞം; സാമ്പിള്‍ പരിശോധന വിപുലീകരിക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം : ജില്ലയെ റെഡ് സോണിൽ പെടുത്തിയതോടെ എറണാകുളം – കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.

മെയ് ഒന്നിന് ജില്ലയില്‍ എല്ലാ വീടുകളുടെയും പരിസരം ശുചീകരിക്കുകയും കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യണമെന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ റബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍, സണ്‍ ഷെയ്ഡുകള്‍, ഉപയോഗശൂന്യമായ ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ സാധ്യതയുണ്ട്. ലോക് ഡൗണ്‍ കാലത്ത് ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം-മന്ത്രി പറഞ്ഞു.

കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചിലരില്‍ വൈറസ് പകര്‍ന്നത് എവിടെനിന്നെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ സാമ്പിള്‍ പരിശോധന വിപുലീകരിക്കും. ആരോഗ്യ വകുപ്പ് നിര്‍ണയിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പ്രകാരം പ്രതിദിനം ഇരുന്നൂറു സാമ്പിളുകള്‍ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കു പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.