
മദ്യപിച്ചെത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാര നടപടി ; വൈദ്യുതി വിച്ഛേദിച്ചതായി ആക്ഷേപം ; സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കെഎസ്ഇബി എംഡി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചതായി ആക്ഷേപം. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് കുടുംബത്തിന് വൈദ്യുതി നിഷേധിക്കാന്‍ കാരണമെന്നാണ് പരാതി.
സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്റെ വീട്ടിലെ വൈദ്യുതിമീറ്ററില്‍ നിന്നും തീ ആളിപ്പടര്‍ന്നു. ഇത് കണ്ട സമീപത്തെ ബേക്കറി ഉടമ രാജീവിനോട് ഫോണില്‍ വിളിച്ചറിയിച്ചു. രാജീവ് കുടുംബങ്ങളെ വിളിച്ചുണര്‍ത്തി വീടിന് പുറത്തിറക്കി. തുടര്‍ന്ന് കെടാകുളം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. അര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ട് ലൈന്‍മാന്മാര്‍ എത്തിയത്.
എന്നാല്‍ ജീവനക്കാര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാന്‍ ആവശ്യപ്പെട്ട രാജീവിനെ അസഭ്യം വിളിച്ചതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിച്ചാല്‍ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എന്‍ജീനിയര്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു.
രാജീവിന്റെ പരാതിയിന്മേല്‍ അയിരൂര്‍ പൊലീസ് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. കെഎസ്ഇബി. ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. രാജീവ് അസഭ്യം വിളിച്ചെന്നാരോപിച്ച് കെഎസ്ഇബി യും അയിരൂര്‍ പൊലീസില്‍ പരാതി നല്‍കി.