
തെരെഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൂട്ടത്തോടെ പെരുവഴിയിൽ : നടുറോഡിൽ കണ്ടെത്തിയത് 230 കാർഡുകൾ ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ കൂട്ടത്തോടെ പൊതുവഴിയിൽ കണ്ടെത്തി. കളമശ്ശേരി ഇലഞ്ഞിക്കുളത്താണ് 230 തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒറീസയിലെ മേൽവിലാസങ്ങളാണ് കാർഡിലുള്ളത്. കളമശ്ശേരി വിടാക്കുഴ ഇലഞ്ഞിക്കുളം കുന്നത്തേരി മോസ്‌ക് റോഡിലാണ് തെരെഞ്ഞെടുപ്പ് ഐ ഡി കാർഡുകൾ കൂട്ടത്തോടെ തള്ളിയത്. ഇവയിൽ പഴയതും പുതിയതുമായ തിരിച്ചറിയിൽ കാർഡുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇതുവഴി പോയ ഒരു കുട്ടിയാണ് റോഡരികിൽ കിടക്കുന്ന കാർഡുകൾ ആദ്യം കണ്ടത്. തുടർന്ന് ഈ തിരിച്ചറിയൽ കാർഡുകൾ കുട്ടി തന്നെ വാർഡ് കൗൺസിലറായ മുഹമ്മദ് ഫെസിയെ ഏൽപ്പിച്ചു. കൗൺസിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.
ഒറീസയിലെ ബൾഗ്രാർ ജില്ലയിലെ മേൽവിലാസമാണ് കാർഡുകളിലുള്ളതെന്ന് കളമശ്ശേരി എസ് ഐ മാഹിൻ പറഞ്ഞു. സീലുകൾ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്ന് കാർഡ് ഒർജിനൽ ആണെന്നാണ് പ്രാഥമിക നിഗമനം.
കാർഡിന്റെ ആധികാരികത പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.
വിടാക്കുഴ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും ഉപേക്ഷിച്ചതാവാനുള്ള സാധ്യതയും ഏറെയാണ്, പക്ഷേ 230 കാർഡുകൾ എങ്ങനെ ഒരുമിച്ച് വന്നതെന്നാണ് സംശയം.