play-sharp-fill
തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ വ്യാജമദ്യനിർമ്മാണം വേണ്ട..! വ്യാജമദ്യത്തിനെതിരെ എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ; കോട്ടയത്ത് എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ വ്യാജമദ്യനിർമ്മാണം വേണ്ട..! വ്യാജമദ്യത്തിനെതിരെ എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ; കോട്ടയത്ത് എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ

കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വിപണനം തുടങ്ങിയവയ്‌ക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു.

എക്‌സൈസ് ഡിവിഷൻ ഓഫീസിലും വൈക്കം, ചങ്ങനാശേരി, കോട്ടയം, പൊൻകുന്നം, പാലാ സർക്കിളുകളിലുമുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾക്ക് പുറമേ പോലീസ്, വനംവകുപ്പ്, റെയിൽവേ, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത റെയ്ഡുകളും പെട്രോളിംഗും നടത്തിവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന മേഖലകൾ, കായൽ തീരത്തും തുരുത്തുകളിലും അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ, അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ നീരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ബാറുകൾ, കളളു ഷാപ്പുകൾ, ബിയർ പാർലറുകൾ, ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ, കൺസ്യൂമർഫെഡ് ഷോപ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി മദ്യത്തിന്റെയും കള്ളിന്റെയും സാമ്പിളുകൾ ദിവസവും ശേഖരിച്ച് രാസപരിശോധന നടത്തിവരുന്നു. തെക്കൻ മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൊബൈൽ ലാബ് മുഖേനയാണ് സാമ്പിൾ പരിശോധന നടത്തുന്നത്.

ഡ്രഗ് ഇൻസ്‌പെക്ടറുമായി ചേർന്ന് താലൂക്ക് അടിസ്ഥാനത്തിൽ മെഡിക്കൽ ഷോപ്പുകളിലും പരിശോധന നടത്തി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നും ഗുളികകളും വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കും. അബ്കാരി കേസുകളിൽ ഉൾപ്പെട്ടവരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നുന്ന സാഹചര്യങ്ങളുണ്ടായാൽ മുൻകരുതൽ എന്ന നിലക്ക് കരുതൽ തടങ്കലിൽ വയ്ക്കുന്നതിന് നടപടിയെടുക്കും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും വാഹനങ്ങളിൽ ലഹരി വസ്തുക്കൾ കടത്തുന്നത് തടയാൻ ജില്ലാ അതിർത്തികളിലും ഹൈവേകളിലും പട്രോളിംഗ് ഏർപ്പെടുത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകൾ കൂടി കണക്കിലെടുത്തുള്ള സ്‌പെഷ്യൽ ഡ്രൈവ് 2021 ജനുവരി അഞ്ചുവരെ തുടരും.

അനധികൃത മദ്യ, മയക്കുമരുന്ന് നിർമ്മാണം, വിൽപ്പന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടു പോകൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ചുവടെ പറയുന്ന ഫോൺ നമ്പരുകളിൽ വിവരം നൽകണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.ആർ. സുൾഫിക്കർ അറിയിച്ചു.

എക്‌സൈസ് ഡിവിഷൻ ഓഫീസ് ആന്റ് കൺട്രോൾ റൂം 0481 2562211
(ടോൾഫ്രീ നമ്പർ 1800 425 2818)എക്‌സൈസ് സർക്കിൾ ഓഫീസ്, കോട്ടയം 0481 2583091, 9400069508

സർക്കിൾ ഓഫീസുകൾ: ചങ്ങനാശേരി 0481 2422741, 9400069509, പൊൻകുന്നം 04828 221412, 9400069510, പാലാ 04822 212235, 9400069511, വൈക്കം 04829 231592, 9400069512, സ്‌പെഷ്യൽ സ്‌ക്വാഡ്, കോട്ടയം 0481 2583801, 9400069506, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ, കോട്ടയം 9496002865.