video
play-sharp-fill
പോസ്റ്ററില്ല, അനൗൺസ്‌മെന്റില്ല: തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടതോടെ കർണ്ണാടകയിൽ നേട്ടം ബിജെപിക്ക്

പോസ്റ്ററില്ല, അനൗൺസ്‌മെന്റില്ല: തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ടതോടെ കർണ്ണാടകയിൽ നേട്ടം ബിജെപിക്ക്

സ്വന്തം ലേഖകൻ

മൈസൂർ: കോടികൾ വീശിയെറിഞ്ഞുള്ള പോഷ് പ്രചാരണത്തിനു പകരം വീടുകളിൽ നേരിട്ടെത്തിയുള്ള പ്രചാരണം മതിയെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയതോടെ നേട്ടമുണ്ടാക്കിയത് ബിജെപി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും കോടികൾ മുടക്കി ആർഎസ്എസ് പ്രവർത്തകരെ പ്രചാരണത്തിനായി എത്തിയ ബിജെപിയാണ് സംസ്ഥാനത്ത് വൻ നേട്ടമുണ്ടാക്കിയതെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ വ്യക്തമാകുകയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഫ്‌ളക്‌സ് ബോർഡുകൾ പാടില്ല, ശബ്ദ മലിനീകരണമുണ്ടാക്കുന്ന അനൗൺസ്‌മെന്റുകൾ പാടില്ല, ബഹളങ്ങളോ, പോസ്റ്റർ പ്രചാരണമോ പാടില്ല. ഇതായിരുന്നു കമ്മിഷന്റെ കർശന നിർദേശം. ഇതിനെല്ലാം പകരം എത്രവേണമെങ്കിലും ഡോർ ടു ഡോർ പ്രചാരണം നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്കു നൽകിയ നിർദേശം. തിരഞ്ഞെടുപ്പിനു മുൻപ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലും ഇതു സംബന്ധിച്ചു കമ്മിഷൻ കർശന നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളെല്ലാം ഡോർ ടു ഡോർ പ്രചാരണത്തിനാണ് നേതൃത്വം നൽകിയത്. സംസ്ഥാനത്തു നിന്നുള്ള പ്രവർത്തകർക്കു പുറമേ, ആയിരത്തിലേറെ ആർഎസ്എസ് പ്രവർത്തകരെ ഗുജറാത്തിൽ നിന്നും മധ്യപ്രദേശിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രംഗത്തിറക്കിയാണ് ബിജെപി പ്രചാരണം നടത്തിയത്. പ്രവർത്തകരെ എത്തിക്കുന്നതിനു വേണ്ടിമാത്രം ബിജെപി പത്തു കോടി രൂപയ്ക്കു മുകളിലാണ് കർണ്ണാടകത്തിൽ ഒഴുക്കിയത്.
എന്നാൽ, ഇത്തരത്തിൽ ആളുകളെ ലഭിക്കാതെ വന്നതോടെ കോൺഗ്രസ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ നന്നേ വിയർത്തു. ആർഎസ്എസിന്റെയും – ബിജെപിയുടെയും സംഘടനാ ശേഷി ഇല്ലാത്ത കോൺഗ്രസിനു പല മണ്ഡലത്തിലും പ്രവർത്തകരെ കണ്ടെത്താൻ പോലും സാധിച്ചില്ല. കേരളത്തിൽ നിന്നുള്ള കെ.സി വേണുഗോപാലിനും, പി.സി വിഷ്ണുനാഥിനും ചുമതലയുള്ള മണ്ഡലങ്ങളിലാണ് അൽപമെങ്കിലും പ്രവർത്തകരെ കണ്ടെത്താൻ കോൺഗ്രസിനു സാധിച്ചത്. കേരളത്തിൽ നിന്നുള്ള പ്രവർത്തകരെ എത്തിച്ചാണ് ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രചാരണം ശക്തമാക്കിയത്.
ഇത്തരത്തിൽ ആളില്ലാത്ത കോൺഗ്രസും, ആളെയും പണവും ഒഴുക്കിയ ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് കർണ്ണാടകത്തിൽ കാണാനായത്.