video
play-sharp-fill
ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തുന്നതില്‍ സ്ഥാനാര്‍ഥികള്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യം

ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തുന്നതില്‍ സ്ഥാനാര്‍ഥികള്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യം

സ്വന്തംലേഖകൻ

കോട്ടയം : ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ സ്ഥാനാര്‍ഥികള്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. നിശ്ചിത ഫോര്‍മാറ്റില്‍ മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് പ്രധാന ടി.വി ചാനലുകളിലും മൂന്നു തവണ വീതമാണ് പരസ്യം ചെയ്യേണ്ടത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുടെ അടുത്തദിവസം മുതല്‍ വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പുവരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്. ജില്ലയില്‍ പ്രചാരമുള്ള മൂന്നു പ്രമുഖ പത്രങ്ങളിലാണ് പരസ്യം നല്‍കേണ്ടത്.
ടി.വി പരസ്യത്തില്‍ അച്ചടിരേഖ ടി.വിയില്‍ വായിക്കാനാകുംവിധമുള്ള നിശ്ചിത ഫോണ്ട് സൈസ് ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത് ഏഴു സെക്കന്റെങ്കിലും വേണം.
ടി.വിയില്‍ രാവിലെ എട്ടുമണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്ഥാനാര്‍ഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും. രാഷ്ട്രീയ കക്ഷി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെ കണക്കില്‍പെടുത്തും.