play-sharp-fill
കോട്ടയത്ത് വോട്ടെണ്ണാന്‍ 441 ഉദ്യോഗസ്ഥര്‍

കോട്ടയത്ത് വോട്ടെണ്ണാന്‍ 441 ഉദ്യോഗസ്ഥര്‍

സ്വന്തംലേഖകൻ

കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലികള്‍ക്കായി കോട്ടയം മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്  441 ഉദ്യോഗസ്ഥര്‍. ഇതില്‍ റിസര്‍വ് ഉദ്യോഗസ്ഥരുമുണ്ട്. കോട്ടയത്തെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്കും 14 വീതം വോട്ടെണ്ണല്‍ മേശകളാണ് സജ്ജീകരിക്കുക. ഓരോ മേശയിലും മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് മൈക്രോ ഒബ്‌സര്‍വര്‍മാര്‍. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഗസറ്റഡ് റാങ്കിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ സംസ്ഥാന സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ്. വോട്ടെണ്ണല്‍ ദിവസമായ 23ന് പുലര്‍ച്ചെ അഞ്ചിന് നടക്കുന്ന റാന്‍ഡമൈസേഷനില്‍ മാത്രമേ ഇവര്‍ ഏതേതു ബൂത്തുകളിലെ വോട്ടുകളാണ് എണ്ണേണ്ടത് എന്ന് തീരുമാനിക്കൂ. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ഇന്നലെ(മെയ് 17) ആരംഭിച്ചു.  രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടു ബാച്ചുകളിലായി 140 പേര്‍ക്കു വീതം പരിശീലനം നല്‍കി. ട്രെയിനിംഗ് നോഡല്‍ ഓഫീസറായ ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് കുമാര്‍ ക്ലാസെടുത്തു. അവസാന ബാച്ചിനുള്ള ക്ലാസ് ഇന്ന്(മെയ്18) രാവിലെ 10ന് നടക്കും.