
ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനായി മണര്‍കാട് ഒരുങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: എട്ടുനോമ്പാചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ദിവ്യദര്‍ശനാടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക ദൈവാലയമാണ് മണര്‍കാട് പളളി. വി. ദൈവമാതാവിന്റെ മദ്ധ്യസ്ഥത യാചിച്ച് ഇവിടെ എത്തിച്ചേരുന്ന നാനാജാതി മതസ്ഥരായ ആര്‍ക്കും നിരാശരായി മടങ്ങി പോകേണ്ടി വന്നിട്ടില്ല എന്ന് ഈ വിശുദ്ധ ദൈവാലയത്തെ ഏറെ പ്രസിദ്ധമാക്കിയിരിക്കുന്നു. വി. ദൈവമാതാവിന്റെ നിത്യസാന്നിദ്ധ്യമുള്ള പുണ്യസ്ഥലമാണ് മണര്‍കാട് പളളി. അതുകൊണ്ട് തന്നെ അത്ഭുതങ്ങളുടെ കലവറ കൂടിയാണിവിടം. രോഗ വിമുക്തി, സന്താനസൗഭാഗ്യം, പൈശാചിക ബന്ധന വിമുക്തി തുടങ്ങി ആവശ്യങ്ങള്‍ അറിഞ്ഞനുഗ്രിഹക്കുന്ന വി. ദൈവമാതാവിന്റെ തിരുസന്നിധിയിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജാതിമത ഭേദമെന്യേ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും എത്തിച്ചേര്‍ന്ന് അനുഗ്രഹാം പ്രാപിച്ച് കടന്നുപോകുന്നത്. ഈ വര്‍ഷത്തെ എട്ടുനോമ്പ് പെരുന്നാളിന് മുന്‍ കാലങ്ങളെ അപേക്ഷിച്ച് വിപുലമായ ക്രമീകരണങ്ങളാണ് എല്ലാ കാര്യങ്ങളിലും ഒരുക്കിയിട്ടുള്ളത്. 60 ലക്ഷം ഭക്തജനങ്ങളെയാണ് ഈ വര്‍ഷം എട്ടുനോമ്പ് കാലയളവില്‍ പ്രതീക്ഷിക്കുന്നത്. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായി 1501 അംഗ കമ്മറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. സെപ്റ്റംബര്‍
1 മുതല്‍ 8 വരെയുള്ള ദിവസങ്ങളിലെ പെരുന്നാള്‍ പരിപാടികളുടെ തല്‍സമയ സംപ്രേഷണം ഇന്റര്‍നെറ്റില്‍ കാണുവാന്‍ സാധിക്കും.
വി. ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ അംശം ഈ പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ളത് വണങ്ങി അനുഗ്രഹം പ്രാപിക്കുന്നതിനും കുട്ടികളെ അടിമവെയ്ക്കുന്നതിനും പള്ളിയകത്ത് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
അടിയന്തിര സാഹചര്യത്തില്‍ ആവശ്യമായ പ്രഥമ ശുശ്രൂഷകള്‍ക്ക് ആരോഗ്യ വിഭാഗവും ആംബുലന്‍സും ഏര്‍പ്പെടുത്തിയുട്ടുണ്ട്.,
നോമ്പാചരിക്കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേകമായ വിശ്രമ സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വളരെ അധികം വിപുലീകരിച്ച് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ബസ്റ്റാന്റ് കൂടുതല്‍ വിസ്തൃതമായ മൈതാനിയിലേക്ക് മാറ്റി ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 6, 7, 8 തീയതികളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. പള്ളിയില്‍ ഭജനയിരിക്കുന്ന ഭക്തജനങ്ങള്‍ക്ക് പള്ളിയില്‍ നിന്നും എല്ലാ ദിവസവും നേര്‍ച്ചകഞ്ഞി സൗജന്യമായി നല്‍കുന്നതാണ്. വില നിയന്ത്രണവും ശുചിത്വവും ലക്ഷ്യമാക്കി പള്ളി നേരിട്ട് കാന്റീന്‍ പള്ളിയുടെ വടക്കുവശത്തും തെക്കുവശത്തും ക്രമീകരിച്ചിട്ടുണ്ട്. കറിനേര്‍ച്ച കൗണ്ടര്‍ പള്ളിയുടെ തെക്കുവശത്ത് പ്രത്യേകമായി പ്രവര്‍ത്തിക്കുന്നു. നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുന്നതിന് പള്ളിമുറ്റത്തുള്ള വിവിധ കൗണ്ടറുകളില്‍ സൗകര്യമുണ്ടായിരിക്കും. ചരിത്ര പ്രസിദ്ധമായ കല്‍കുരിശിങ്കലെ എണ്ണ വീടുകളില്‍ കൊണ്ടപോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേകം കുപ്പികളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ മണര്‍കാട് പള്ളിയിലെ സുഗന്ധം പരത്തുന്ന കല്‍ക്കുരിശ് നാളിതുവരെ, വിശ്വാസികള്‍ക്ക് ദൈവീകനല്‍വരങ്ങളുടെ ദീപകാഴ്ചയായിരുന്നുവെങ്കില്‍ ഇന്നത് സുകൃതങ്ങളുടെ സുഗന്ധസ്രോതസ്സായി പരിണമിച്ചിരിക്കുന്നു. 1982 ഫെബ്രുവരി മാസം 26-ാം തീയതി പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് വി. ദൈവമാതാവിന്റെ തിരുവസ്ത്രത്തിന്റെ ഭാഗമായ സൂനോറോ ഈ പള്ളിയില്‍ സ്ഥാപിച്ചതിന്റെ 30-ാം വാര്‍ഷിക പെരുന്നാളിനോടനുബന്ധിച്ച് 2012 ഫെബ്രുവരി മാസം 25-ാം തീയതി സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രി 9 മണിയോടുകൂടി ഈ കല്‍കുരിശില്‍ നിന്ന് സുഗന്ധം പരത്തികൊണ്ട് സുഗന്ധതൈലം ഒഴുകിയിറങ്ങി. 2012 ജൂണ്‍ 29ന് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപെരുന്നാള്‍ ദിനത്തില്‍ കല്‍കുരിശില്‍ നിന്നുളള സുഗന്ധവര്‍ഷത്താല്‍ ഈ ദൈവാലയം വീണ്ടും അനുഗ്രഹീതമായി. 2012 ജൂലൈ മാസം 4-ാം തീയതി ബുധനാഴ്ച ധ്യാനശുശ്രൂഷയ്ക്കും മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടുകൂടി മൂന്നാം പ്രാവശ്യവും ഈ കല്‍ക്കുരിശില്‍ നിന്നും സുഗന്ധതൈലം പ്രവഹിച്ചു. കൂടാതെ എട്ടുനോമ്പ് ദിവസങ്ങളില്‍ പലതവണയും ഈ കല്‍ക്കുരിശില്‍ നിന്നും സുഗന്ധതൈലം പ്രവഹിച്ചു. കല്‍ക്കുരിശിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ഫെന്‍സിംഗ് അടക്കമുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള തീയതികളില്‍ കരോട്ടെ പള്ളിയില്‍ രാവിലെ 6.30 മുതല്‍ 8 മണി വരെയും താഴത്തെ പളളിയില്‍ 9 മുതല്‍ 10.30 വരെയും വി. കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബര്‍ ഒന്നാം തീയതി 2 മണിക്ക് കൊടിമര ഘോഷ യാത്രയ്ക്കായി പള്ളിയില്‍ നിന്നും പുറപ്പെട്ട് അമയന്നൂര്‍ കരയില്‍ ഒറവയ്ക്കല്‍ കുര്യാക്കോസ് മാണി(മനോജ്)യുടെ പുരയിടത്തില്‍ നിന്നും ഘോഷയാത്രയായി കൊടിമരം പള്ളിയില്‍ എത്തിച്ചേരുന്നതും 4 മണിക്ക് പെരുന്നാളിന്റെ മുന്നോടിയായുള്ള കൊടിമരം ഉയര്‍ത്തല്‍ നടക്കുന്നതുമാണ്.
സെപ്റ്റംബര്‍ 4-ാം തീയതി 2 പി.എം ന് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ ഏകോപിച്ചുള്ള വാര്‍ഷിക പൊതുസമ്മേളനം നടത്തപ്പെടും. ഇടവക മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുഹന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് ഉദ്ഘാടനം നടത്തും. ബഹു. സംസ്ഥാന
സഹകരണ, ടൂറിസം, ദേവസ്വം വകുപ്പുകളുടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ആശംസാ പ്രസംഗവും സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനവും ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. മലങ്കര കത്തോലിക്ക സഭയുടെ ഒ.ആ. മോറാന്‍ മോര്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക തിരുമനസ്സുകൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തും. സേവകാസംഘം നിര്‍മ്മിച്ച് നല്കുന്ന 15 ഭവനങ്ങളുടെ അടിസ്ഥാന ശിലാ വിതരണം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ നിര്‍വ്വഹിക്കും. സമൂഹ വിവാഹധനസഹായ വിതരണം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിക്കും. വയോജന സംഘടനയിലെയും വനിതാ സമാജത്തിലേയും മുതിര്‍ന്ന അംഗങ്ങളെ ബെന്നി ബഹനാന്‍ എം.പി ആദരിക്കും. വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ നിര്‍വ്വഹിക്കും. വി.എന്‍ വാസവന്‍ മുന്‍ എം.എല്‍.എ ആശംസാ പ്രസംഗം നടത്തുകയും ചെയ്യും.
എട്ടുനോമ്പു പെരുന്നാളിനോടനുബന്ധിച്ച് വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട എട്ടു വധൂവരന്മാരുടെ സമൂഹവിവാഹം ഈ വര്‍ഷവും നടത്തുകയുണ്ടായി. വധൂവരന്മാര്‍ക്കുള്ള സ്വീകരണ സമ്മേളനം 25-8-2019 ഞായറാഴ്ച നടന്നു. വിവാഹാവശ്യത്തിനായി ഓരോ ലക്ഷം രൂപ വീതം നല്‍കി. സെപ്റ്റംബര്‍ 4-ാം തീയതി നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതാണ്.
6-ാം തീയതി 2 മണിക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായ കുരുശുപള്ളികളിലേയ്ക്കുള്ള വര്‍ണ്ണശബളമായ റാസ നടത്തപ്പെടും. പതിനായിരത്തിലധികം മുത്തുകുടകളും 200 ല്‍ അധികം പൊന്‍വെള്ളി കുരിശുകളും ഇരുപതോളം വാദ്യമേള ഗ്രൂപ്പുകളും റാസയ്ക്ക് കൊഴുപ്പേകും.
7-ാം തീയതി ഉച്ച നമസ്‌കാര സമയത്ത് പ്രധാന മദ്ബഹായിലെ വി. ത്രോണോസിലുള്ള വി. ദൈവ മാതാവിന്റെയും ഉണ്ണി യേശുവിന്റെയും ഛായാ ചിത്രം ഭക്തജനങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്ന, ചരിത്ര പ്രസിദ്ധമായ ”നട തുറക്കല്‍” നടത്തപ്പെടും. ദിവ്യദര്‍ശനത്തിന്റെ അനുസ്മരണ കൂടിയായ ഈ ചടങ്ങ് മണര്‍കാട് പള്ളിയുടെ മാത്രം പ്രത്യേകതയാണ്. വൈകിട്ട് 8 മണിക്ക് പ്രദക്ഷിണവും തുടര്‍ന്ന് ക്രൈസ്തവ പുരാതന കലയായ മാര്‍ഗ്ഗംകളിയും പരിചമുട്ടുകളിയും നടത്തപ്പെടും. പെരുന്നാള്‍ ദിവസമായ
8-ാം തീയതി രണ്ട് മണിക്ക് നടത്തപ്പെടുന്ന പ്രദക്ഷിണത്തോടും നേര്‍ച്ചവിളമ്പോടും കൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നതാണ്. ഈ വര്‍ഷം 1501 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചയ്ക്കായി തയ്യാറാക്കുന്നത്.
എല്ലാ ദിവസങ്ങളിലും പ്രസംഗവും ധ്യാനവും ഉച്ചനമസ്‌കാരവും സന്ധ്യാ
നമസ്‌കാരവും കൂടാതെ 1 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ സന്ധ്യാനമസ്‌കാരത്തിന് ശേഷം സായാഹ്ന ധ്യാനയോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
പള്ളിയകത്തും പള്ളി പരിസരങ്ങളിലും ഭക്തജനങ്ങളുടെ ക്രമാതീതമായ തിരക്കു നിയന്ത്രിക്കുന്നതിന് ഇത്തവണ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ശക്തമായ പോലീസ് സാന്നിദ്ധ്യത്തിനു പുറമെ പള്ളിക്കാര്യത്തില്‍ നിന്നും ക്രമീകരിക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും വോളന്റിയേഴ്‌സിന്റെയും സേവനം ഉണ്ടായിരിക്കും. ഭക്കജനങ്ങള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചുകൊണ്ട് പള്ളിയില്‍ എത്തുന്നത് കഴിവതും ഒഴിവാക്കേണ്ടതാണ്.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വെരി.റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ട്രസ്റ്റിമാരായ സി.പി ഫിലിപ്പ് ചെമ്മത്ത് , സാബു ഏബ്രഹാം കിഴക്കേമൈലക്കാട്ട്, രഞ്ചിത്ത് മാത്യു ഒറ്റപ്ലാക്കല്‍ , വി.വി ജോയി വെള്ളപ്പള്ളില്‍ (സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുക്കും.