ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി ഉപയോഗ ശൂന്യമായ മുട്ടകൾ വൻതോതിൽ കേരളത്തിലേക്ക്
സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്ത് തമിഴ്നാട്ടിൽ നിന്നും ഉപയോഗ ശൂന്യമായ മുട്ടകൾ വൻതോതിൽ വിലകുറച്ചു വിൽക്കുന്നു. തമിഴ്‌നാട്ടിലെ ഹാച്ചറികളിൽ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകളാണ് സംസ്ഥാനത്തെ മുട്ട വിപണിയിൽ വിറ്റഴിയുന്നത്. ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്ന മുട്ടകൾ കൊളള ലാഭം മാത്രം ലക്ഷ്യമിട്ടാണ് വിപണിയിലെത്തിക്കുന്നത്. രക്തം പോലും നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകൾ സംസ്ഥാനത്തേക്ക് കയറ്റി അയയ്ക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തേർഡ് ഐ ന്യൂസിന് ലഭിച്ചത്.
ഉദുമൽപ്പേട്ടിലെ മുട്ട മൊത്തക്കച്ചവടക്കാരന്റെ വിപണന കേന്ദ്രത്തിൽ ബേക്കറിയാവശ്യത്തിനു മുട്ട വേണമെന്നു പറഞ്ഞപ്പോൾ ക്രാക്ക്ഡ് മുട്ട കൊണ്ടു പോകാനായിരുന്നു വ്യാപാരിയുടെ ഉപദേശം. 21 ദിവസം ഹാച്ചറിയിൽ വച്ചിട്ടും വിരിയാത്ത മുട്ടകളാണ് ക്രാക്ക്ഡ് മുട്ടയെന്ന പേരിൽ വിൽക്കാൻ വച്ചിരിക്കുന്നതെന്നും കച്ചവടക്കാരൻ പറഞ്ഞു. ഒപ്പം തോടിനു ചെറിയ പൊട്ടൽ വന്ന മുട്ടകളും ഈ ഗണത്തിൽ വരും. ബേക്കറികളിൽ കേക്കും മറ്റും ഉണ്ടാക്കാൻ ഏറിയ പങ്ക് വ്യാപാരികളും ഉപയോഗിക്കുന്നത് ക്രാക്ക്ഡ് മുട്ടയെന്ന പാതിവിരിഞ്ഞ മുട്ടകളാണെന്നും വെളിപ്പെടുത്തി. പ്രതിദിനം ലക്ഷക്കണക്കിന് ക്രാക്ക്ഡ് മുട്ടകൾ സംസ്ഥാനത്തെ മുട്ട വിപണിയിലെത്തുന്നുണ്ട്. നല്ല മുട്ടയൊന്നിന് അഞ്ചു രൂപയാണ് വിലയെങ്കിൽ ക്രാക്ക്ഡ് മുട്ടയുടെ വില ഒന്നര രൂപ മാത്രം. പ്രതിദിനം ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികൾക്ക് ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോൾ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയിൽ. ഇങ്ങനെ വൻതോതിലാണ് ഉപയോഗ ശൂന്യമായ മുട്ടകൾ സംസ്ഥാനത്തു വിറ്റഴിയുന്നത്. ഇതുമൂലം മാറാ രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഇത് നിയന്ത്രിക്കാനോ പരിശോധിക്കാനോ ഇവിടെ നിലവിൽ സംവിധാനങ്ങൾ ഒന്നുംതന്നെയില്ല
Whatsapp Group 1 | Whatsapp Group 2 |Telegram Group