play-sharp-fill
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനി പ്രസവ അവധി: വിപ്ലവകരമായ തീരുമാനവുമായി സംസ്ഥാന സർക്കാർ; ഇനി പിടിമുറുക്കേണ്ടത് സ്വകാര്യ ആശുപത്രികളിൽ

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനി പ്രസവ അവധി: വിപ്ലവകരമായ തീരുമാനവുമായി സംസ്ഥാന സർക്കാർ; ഇനി പിടിമുറുക്കേണ്ടത് സ്വകാര്യ ആശുപത്രികളിൽ

സ്വന്തം ലേഖകൻ
കോട്ടയം: നക്കാപ്പിച്ചാ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരികയും, ഗർഭിണിയായാൽ ജോലി തന്നെ പോകുകയും ചെയ്തിരുന്ന സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപികമാർക്ക് ആശ്വാസ പ്രഖ്യാപനവുമായി സർക്കാർ.
സർക്കാർ സ്‌കൂളുകളിലേതിനു സമാനമായി സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഇനി മുതൽ പ്രസവ അവധി അനുവദിച്ചാണ് സർക്കാർ, ഇത്തരവ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇനി പ്രസവ അവധി ആനുകൂല്യം ലഭിക്കുന്നതു സംബന്ധിച്ചു  സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.
ഇതോടെയാണ് വിപ്ലവകരമായ പദ്ധതിയ്ക്കു അംഗീകാരം ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ അൺ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം തേടാൻ തീരുമാനിച്ചത്.
രാജ്യത്ത് ആദ്യമായാണ് മറ്റേർനിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ അൺ എയ്ഡഡ് സ്‌കൂൾ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർക്കാർ തീരുമാനമെടുക്കുന്നത്.
നിലവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയിൽ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനയച്ചതും.
നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയിൽ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.
കൂടാതെ ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തിൽ പരിധിയിൽ ഉൾപ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.
അൺ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാർക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ വിദ്യഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെയാണ് ജീവനക്കാർക്ക് ഇരട്ടി മധുരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ളവരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.