
എടത്വാ: പെസഹാ ദിനത്തില്‍ കുഞ്ഞ് അച്ചാമ്മയ്ക്ക് ഇരട്ട ഭാഗ്യം. വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ കാരുണ്യാ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിച്ചു.
സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
കൊച്ചമ്മനം ജംങ്ഷന് സമീപം പെട്ടിക്കട നടത്തുന്ന തലവടി പഞ്ചായത്ത് 15-ാം വാർഡില്‍ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്ക്കാണ് ഇരട്ട ഭാഗ്യം തേടിയെത്തിയത്. കോതപ്പുഴശ്ശേരി ജോർജുകുട്ടി വിറ്റ കാരുണ്യാ ഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റ് കുഞ്ഞ് അച്ചാമ്മ വാങ്ങിയിരുന്നു.
വ്യാഴാഴ്‌ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റിൻ്റെ നമ്പർ കുഞ്ഞ് അച്ചാമ്മ പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ് ശ്രദ്ധയില്‍ പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം സമ്മാനത്തിന് അർഹയായ ടിക്കറ്റ് കളഞ്ഞിരുന്നു. ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരൻ അറിയിച്ചതിനെ തുടർന്ന് രാത്രിയില്‍ ഇരുവരും കടയിലെത്തി ലോട്ടറി ടിക്കറ്റ് തപ്പി വേസ്റ്റ് ബോക്സില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയില്‍ കൊച്ചമ്മനം ജംങ്ഷന് സമീപം ചെറുകിട കച്ചവടം നടത്തിയാണ് കുഞ്ഞ് അച്ചാമ്മ ഉപജീവനം തേടിയിരുന്നത്. പെസഹാ ദിനത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചതോടെ ഇരട്ടി സന്തോഷത്തിലാണ് കുഞ്ഞ് അച്ചാമ്മ.



