play-sharp-fill
യുവാവിനെ റോഡിലേയ്ക്ക് എറിഞ്ഞു കൊന്ന ഡിവൈഎസ്പി തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങി; സംരക്ഷിക്കുന്നത് പൊലീസിലെ ഉന്നതൻ: ഡിവൈഎസ്പിയ്ക്ക് ഇടതു നേതാക്കളുമായി അടുപ്പം

യുവാവിനെ റോഡിലേയ്ക്ക് എറിഞ്ഞു കൊന്ന ഡിവൈഎസ്പി തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങി; സംരക്ഷിക്കുന്നത് പൊലീസിലെ ഉന്നതൻ: ഡിവൈഎസ്പിയ്ക്ക് ഇടതു നേതാക്കളുമായി അടുപ്പം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാർപാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ റോഡിലൂടെ വന്ന വാഹനത്തിനു മുന്നിലെറിഞ്ഞു കൊന്ന സംഭവത്തിൽ കേസിലെ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാർ തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയെന്നു സൂചന. തമിഴ്‌നാട്ടിൽ മധുരയിൽ ഫാംഹൗസുള്ള ഡിവൈഎസ്പി ഇവിടേയ്ക്ക് കടന്നതായാണ് ലഭിച്ചിരിക്കുന്ന സൂചന. സംസ്ഥാനത്തും പുറത്തും ബന്ധങ്ങളുള്ള ഡിവൈഎസ്പി ഈ ബന്ധങ്ങൾ ഉപയോഗിച്ച് ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. യുവാവിനെ അതിക്രൂരമായി റോഡിലെറിഞ്ഞ് കൊലപ്പെടുത്തി, രണ്ടു ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പിയെ പിടികൂടാനാവാത്തത് പൊലീസിനു നാണക്കേടായി മാറി. ഇതിനിടെ, പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മറ്റേതെങ്കിലും ഏജൻസി കേസ് അന്വേഷിക്കണമെന്നും കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി ആവശ്യപ്പെട്ടു. ഇതിനിടെ വിജിയ്ക്ക് ജോലി നൽകി കേസ് ഒതുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വിജിയ്ക്ക് ജോലി നൽകുമെന്ന് ഇന്നലെ പ്രശ്‌നത്തിൽ മധ്യസ്ഥ ചർച്ചയ്ക്കായി എത്തിയ തഹസീൽദാർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി ബി.ഹരികുമാറിന്റെ വാഹത്തിനു മുന്നിൽ സനലിന്റെ കാർ കിടന്നതായി ആരോപിച്ച് ഡിവൈഎസ്പി സനലിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷപെട്ട ഡിവൈഎസ്പി ഒളിവിൽ പോയിരിക്കുകയാണ്. തമിഴനാട്ടിലാണെന്നാണ് പൊലീസ് നൽകിയിരിക്കുന്ന സൂചന. തിരുവനന്തപുരത്ത് ഡിവൈഎസ്പിയ്ക്കായി പൊലീസ് രണ്ടു ഘട്ടമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇതുവരെയും പ്രതിയെ കണ്ടെത്താൻ സാധിക്കാത്തത് ഇയാളുടെ ഉന്നതബന്ധങ്ങളെ തുടർന്നാണെന്നാണ് സൂചന.
സംസ്ഥാന പൊലീസിലെ ഉന്നതനുമായി ഡിവൈഎസ്പിയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ബിനാമി ഇടപാടുകളിൽ ഏറെയും നിയന്ത്രിച്ചിരുന്നത് ഡിവൈഎസ്പി ഹരികുമാറായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡിവൈഎസ്പിയ്‌ക്കെതിരായ കേസ് ലോക്കൽ പൊലീസ് അന്വേഷിക്കുന്നത് കേസിനെ ബാധിക്കുമെന്നാണ് ഉയരുന്ന ആരോപണം. മുൻപും പല തവണ ആരോപണവിധേയനായിരിക്കുന്ന ഡിവൈഎസ്പിയ്ക്ക് ഒരു മാസം ഒരു ലക്ഷം രൂപ വരെ മണൽമാഫിയയിൽ നിന്നു മാത്രം കൈക്കൂലിയായി ലഭിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.