പീഡനക്കേസിലെ പ്രതിയ്ക്ക് വേണ്ടി സി.ഐയെ നിയമം പഠിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ്: മാന്യനായ സി.ഐയെ സ്ഥലം മാറ്റാൻ സിപിഎം നേതാവിന്റെ ഭീഷണി ഡിവൈഎസ്പിയോട്; കടക്കു പുറത്ത് പറഞ്ഞ് സി.ഐ
സ്വന്തം ലേഖകൻ
തിരുവല്ല: പീഡനക്കേസിലെ പ്രതിയ്ക്ക് വേണ്ടി സി.ഐയെ വിരട്ടി നിയമം പഠിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമം. പെൺകുട്ടിയോട് മോശമായി പെരുമാറിയതിനു രജിസ്റ്റർ ചെയ്ത 354 വകുപ്പ് മാറ്റണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് സി.ഐയെ ഭീഷണിപ്പെടുത്തിയത്. പന്തളത്തെ കോളേജിൽ ദമ്പതിമാരോട് സദാചാര ഗുണ്ടായിസം കാട്ടിയ സി.പിഎം നേതാവിനെതിരെ കേസെടുത്ത സംഭവത്തിലാണ് സിഐയെ നിയമം പഠിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചത്. കടപ്ര പഞ്ചയത്ത് പ്രസിഡന്റാണ് പുളിക്കീഴ് സി.ഐയെ ഭീഷണിപ്പെടുത്തിയത്. സി.ഐയെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎസ്പിയെ പരസ്യമായി ശകാരിക്കുന്ന സിപിഎം നേതാക്കളുടെ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗമായ നേതാവാണ് പൊലീസിനോടു കയർക്കുന്നത്. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് സിപിഎമ്മിന്റെ പുതിയ തെറ്റുതിരുത്തൽ രേഖ പറയുന്നത്. ജനങ്ങൾ നമ്മൾ പറയുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ അംഗീകരിക്കണമെന്നില്ല. അവരെ നിർബന്ധിക്കേണ്ടതില്ല. ജനങ്ങൾക്ക് താൽപര്യമുള്ള നിലപാടിൽ ഒപ്പം നിൽക്കണം. പാർട്ടി അധികാരകേന്ദ്രമായി പ്രവർത്തിക്കാൻ പാടില്ല. അക്രമപ്രവർത്തനങ്ങളിൽ പ്രവർത്തകർ ഒരുതരത്തിലും ഉൾപ്പെടാൻ പാടില്ലെന്നും സിപിഎം കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇതിനെല്ലാം നേതാക്കൾ ഒരു വിലയും കൊടുക്കില്ലെന്നതിന് തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ.
തന്റെ വലം കൈയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടക്കം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ താളത്തിനൊത്ത് തുള്ളാൻ സി ഐ തയാറാകാത്തതാണ് നേതാവിനെ ചൊടിപ്പിച്ചത്. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനുമായ ആർ സനൽകുമാറാണ് തിരുവല്ല ഡിവൈഎസ്പി ജെ ഉമേഷിനെ പരസ്യമായി വിരട്ടിയത്. പാർട്ടി നേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത പുളിക്കീഴ് സി ഐ കെ ജെ പീറ്ററിനെതിരെ നടപടി എടുക്കാത്തതിന്റെ പേരിലായിരുന്നു ഭീഷണി. വെള്ളിയാഴ്ച ഉച്ചയോടെ നിരണം കെ എസ് ഇ ബി ഓഫീസിലായിരുന്നു നേതാവിന്റെ പ്രകടനം.
കേരളാ വിഷൻ കേബിൾ ടി വി ജീവനക്കാരനായ രാജീവ് പൊട്ടിവീണ വൈദ്യുത കമ്ബിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനകീയ സമിതി നടത്തിയ കെ എസ് ഇ ബി ഉപരോധ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് നേതാവ് ഡി വൈ എസ് പിക്ക് നേരേ കത്തി ജ്വലിച്ചത്.
പരുമല ദേവസ്വം ബോർഡ് കോളേജ് വളപ്പിൽ സദാചാര പൊലീസ് ചമഞ്ഞ് സി പി എം ലോക്കൽ കമ്മിറ്റി നേതാക്കൾ യുവതിക്കും ഭർത്താവിനും മേൽ നടത്തിയ ആക്രമണത്തിലും യുവതിക്ക് നേരെ നടന്ന പീഡന ശ്രമത്തിലും കേസ്സെടുക്കാതിരിക്കാൻ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വന്തം അനുയായിയുമായ ഷിബു വർഗീസ് ശക്തമായ സമ്മർദ്ദം സി ഐ ക്ക് മേൽ ചുമത്തിയിരുന്നു.
എന്നാൽ പഞ്ചായത്തിന്റെ ഭരണം സാർ നോക്കിയാൽ മതിയെന്നും പൊലീസ് സ്റ്റേഷൻ ഭരണത്തിൽ ഇടപെടേണ്ടെന്നും സി ഐ പീറ്റർ കർക്കശ നിലപാടെടുത്തതിലുള്ള കലിപ്പാണ് നേതാവ് നിരണത്ത് ഡി വൈ എസ് പി ക്ക് മേൽ വെള്ളിയാഴ്ച തീർത്തത്. വൈദ്യുതാഘാതമേറ്റ് കേബിൾ ടി വി ജീവനക്കാരൻ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പക്ഷം യൂണിയൻ ഏതെന്ന് നോക്കാതെ കെ എസ് ഇ ബി ജീവനക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പ്രതിഷേധിക്കാനെത്തിയ ജനകീയ സമിതി നേതാക്കൾക്ക് സി ഐ നൽകിയ ഉറപ്പും തന്റെ സ്വന്തം ഗ്രൂപ്പുകാരനായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ സിഐ അനുസരിക്കാതിരിക്കുകയും ചെയ്തതാണ് നേതാവിനെ ക്ഷുഭിതനാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സദാചാര പൊലീസ് ചമയൽ കേസിൽ അറസ്റ്റിലായ സി പി എം നേതാക്കളുടെ കേസിലടക്കം മറ്റു പല കേസുകളിൽ നിന്നും സി പി എം നേതാക്കളെയും കുട്ടി സഖാക്കളെയും ഊരിയെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പരാജയമടഞ്ഞ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖം രക്ഷിക്കാൻ സി ഐ യെ സ്ഥലം മാറ്റണമെന്ന നേതാവിന്റെ തീരുമാനമാണ് ഡിവൈഎസ്പിക്ക് മേലുള്ള കുതിര കയറ്റത്തിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്.