play-sharp-fill
ദരിദ്ര കുടുംബത്തിന് വീടു നിർമ്മിക്കാനുള്ള ശ്രമം തടസപ്പെടുത്തി ഡി.വൈ.എഫ്.ഐ; ലോഡിറക്കാൻ എത്തിയ ലോറി ഡ്രൈവറെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു; പ്രതികൾ നാലു പേരും പൊലീസ് പിടിയിൽ; ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം കടുത്തുരുത്തി മാൻവെട്ടത്ത്

ദരിദ്ര കുടുംബത്തിന് വീടു നിർമ്മിക്കാനുള്ള ശ്രമം തടസപ്പെടുത്തി ഡി.വൈ.എഫ്.ഐ; ലോഡിറക്കാൻ എത്തിയ ലോറി ഡ്രൈവറെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു; പ്രതികൾ നാലു പേരും പൊലീസ് പിടിയിൽ; ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം കടുത്തുരുത്തി മാൻവെട്ടത്ത്

എ.കെ ശ്രീകുമാർ

കോട്ടയം: ദരിദ്ര കുടുംബത്തിന് വീടു നിർമ്മിച്ചു നൽകാനുള്ള ശ്രമം വസ്തു തർക്കത്തിന്റെ പേരിൽ തടസപ്പെടുത്താൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ, ലോറി ഡ്രൈവറെ ആക്രമിച്ചു. കുടുംബത്തിന്റെ ദാരിദ്രാവസ്ഥ മനസിലാക്കി, വീട് നിർമ്മിച്ചു നൽകാനുള്ള സന്നദ്ധ സംഘടനയുടെ ശ്രമമാണ് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അടക്കം നാലു പേർ പൊലീസ് പിടിയിലായി.


കടുത്തുരുത്തി മാൻവെട്ടം മേമുറി ചോകോംപറമ്പിൽ ദീപാമോളുടെ വീട് നിർമ്മിക്കാനുള്ള ശ്രമമാണ് അക്രമി സംഘം തടഞ്ഞത്. ഇവിടെ ലോഡിറക്കാൻ എത്തിയ ലോറി ഡ്രൈവർ നമ്പ്യാകുളം പണിക്കരേടത്ത് ജിബിനെ (21)യാണ് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി മേമുറി തിരുവൻമൂലയിൽ ദയാനന്ദന്റെ മകൻ ആദർശ് (21), ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വാടമുറിക്കൽ വിജയന്റെ മകൻ അരുൺ (35), പുത്തേറ്റുപറമ്പിൽ അക്ഷയ്കുമാർ (21), പറക്കാട്ടുകുഴിയിൽ സിനിലാൽ (30) എന്നിവരെയാണ് കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

നാലു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അദർശിന്റെ അയൽവാസികളാണ് ദീപാമോളുടെ കുടുംബം. ഇരു കുടുംബവും തമ്മിൽ വസ്തു സംബന്ധിച്ചുള്ള തർക്കം നിലനിൽക്കുന്നുണ്ട്. ആദർശിന്റെ വീട്ടിനു സമീപത്തു കൂടിയാണ് ദീപാമോളുടെ വീട്ടിലേയ്ക്കുള്ള വഴി. വഴിത്തർക്കം സംബന്ധിച്ചു കോടതിയിൽ കേസും നിലവിലുണ്ട്. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ദീപാമോളും കുടുംബവും ഇപ്പോൾ കഴിയുന്നത്.

ഇവരുടെ അവസ്ഥ മനസിലാക്കിയതിനെ തുടർന്ന് ഏറ്റുമാനൂരിലെ അർച്ചന വിമൺസ് സെന്ററിന്റെ നേതൃത്വത്തിൽ ഇവരുടെ വീട് പുനർ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. ഇതിനായി വീട്ടു സാധനങ്ങളുമായി അർച്ചന വിമൻസ് സെന്ററിൽ നിന്നുള്ള ലോറിയുമായി കഴിഞ്ഞ ദിവസം ജിബിൻ സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ, ലോറി വഴിയിൽ തടഞ്ഞു നിർത്തിയ അക്രമി സംഘം, ജിബിനെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ജിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ ദീപാമോൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ശിവൻകുട്ടി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. നാലു പേരെയും കോടതിയിൽ ഹാജരാക്കും.