അറബിക്കടലിൽ ന്യൂനമർദം ; ശക്തമായ ഇടിയോടുകൂടിയ മഴയും 40 കിലോമീറ്റർ വേഗതയിൽ കാറ്റും ; പ്രളയ സമാനസാഹചര്യം ; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
സ്വന്തം ലേഖിക
കോട്ടയം : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്.
അതിനിടെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് മഹാരാഷ്ട്രാ തീരത്തേക്ക് അടുക്കയാണ്. കൂടാതെ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് ആന്ധ്രാതീരത്തിന് അടുത്തായി മറ്റൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ രണ്ട് ഘടകങ്ങളുടെയും സ്വാധീനം മൂലം വരുന്ന രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിക്കൂറിൽ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശക്തമായ മേഘാവരണം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് ഉടൻ ശമനമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇടുക്കി കല്ലാർക്കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആറ് ഇഞ്ച് ഉയർത്തി.
എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കണയന്നൂർ, കൊച്ചി താലൂക്കുകളിലായിഅഞ്ച് ഇടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. 270 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പു നൽകി.
തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. വേണാട് എക്സ്പ്രസ് എറണാകുളം നോർത്ത് വഴി തിരിച്ചുവിടും. ദീർഘദൂര ട്രെയിനുകൾ മണിക്കൂറുകളോളം വൈകുമെന്നും അധികൃതർ അറിയിച്ചു.
പിറവം-വൈക്കം ഭാഗത്ത് റെയിൽവേ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കായംകുളം റൂട്ടിലുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 12076 ജനശതാബ്ദി ആലപ്പുഴയിൽ താത്ക്കാലികമായി നിർത്തിയിട്ടിരിക്കുകയാണ്. 16127 ഗുരുവായൂർ എക്സപ്രസ് എറണാകുളം ജംഗ്ഷനിലും താത്ക്കാലികമായി നിർത്തിയിട്ടു. ബെംഗളുരു ഇന്റർസിറ്റിയും മംഗള എക്സ്പ്രസും പുറപ്പെടുന്ന സമയം നീട്ടി.