ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ; 1,848 പേർ ഇപ്പോഴും ക്യാംപിൽ; 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേർക്ക്

ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ; 1,848 പേർ ഇപ്പോഴും ക്യാംപിൽ; 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേർക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങൾക്കു ക്രൗഡ് ഫണ്ടിങ് പരമാവധി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുളള ഇന്റർനെറ്റ് പോർട്ടൽ തയാറായി. ഈ പോർട്ടലിലേക്കു വിവിധ വകുപ്പുകൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തരമായി നൽകണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. ദുരിതാശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു.

ഇപ്പോഴും 66 ക്യാംപുകളിലായി 1,848 പേർ കഴിയുന്നു. 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേർക്ക് വിതരണം ചെയ്തു. പ്രളയത്തിൽ വൈദ്യുതി നിലയങ്ങൾക്കും ലൈനുകൾക്കുമുണ്ടായ തകരാറുകൾ പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തിൽ നഷ്ടമായി. 16,661 വീടുകളാണു പൂർണമായും തകർന്നത്. 2.21 ലക്ഷം വീടുകൾക്കു ഭാഗികമായി തകരാറുണ്ടായി. വീടുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും വേഗം പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. കാർഷിക മേഖലയിൽ പുനർനിർമാണം നടത്തുമ്പോൾ കൃഷിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുളള പദ്ധതികളും നടപ്പാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുപകരണങ്ങൾ വാങ്ങുന്നതിനു കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേർ അപേക്ഷിച്ചു. 11,618 അപേക്ഷകൾ ബാങ്കുകളിൽ സമർപ്പിച്ചു. 7,625 അപേക്ഷകൾ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകൾ 60.81 കോടി രൂപ അനുവദിച്ചു. ജീവിതോപാധി കണ്ടെത്തുന്നതിന് ആസൂത്രണ ബോർഡ് വിവിധ പാക്കേജുകൾ തയ്യാറാക്കുന്നുണ്ടെന്ന് വൈസ് ചെയർമാൻ ഡോ. വി.കെ.രാമചന്ദ്രൻ പറഞ്ഞു. നവംബർ 1, 2 തീയതികളിൽ ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ലൈവ്ലിഹുഡ് കോൺഫറൻസ് സംഘടിപ്പിക്കും.

പ്രളയത്തിൽ 3,600 കറവപ്പശുക്കൾ ചത്തു. പകരം പശുവിനെ വാങ്ങുന്നതിന് സർക്കാർ 33,000 രൂപ വീതം നൽകും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുളളവർക്ക് വായ്പ ലഭ്യമാക്കും. പ്രളയത്തിൽ 114 അങ്കണവാടികൾ പൂർണമായും ആയിരത്തോളമെണ്ണം ഭാഗികമായും തകർന്നു. ഇവ പുനർനിർമിക്കാൻ 90 കോടി രൂപയാണ് ഏകദേശ ചെലവ്. തകർന്ന 35 പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം നിർമിക്കും. പൊലീസിന്റെ 143 കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. പ്രളയത്തിൽ വീട് നശിച്ചവരിൽ സ്വന്തമായി ഭൂമിയുളളവർക്ക് വീട് നിർമിക്കാൻ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടർമാരെ അധികാരപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുളളവർ സർക്കാർ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടർക്ക് പ്രത്യേകം അപേക്ഷ നൽകണം. രണ്ട് ഗഡുക്കളായാണു സഹായം അനുവദിക്കുക. ലോകബാങ്കുമായും എഡിബിയുമായും വായ്പ സംബന്ധിച്ചു ചർച്ച നടത്തി വരികയാണ്.