video
play-sharp-fill
ദുൽഖർ സൽമാൻ്റെ വീട്ടിലേയ്ക്കു വെള്ളം കൊടുക്കാൻ കൊച്ചിയിൽ റോഡ് വെട്ടിപ്പൊളിച്ചു: കോട്ടയം നാട്ടകത്ത് ആറു വർഷത്തിലേറെയായി റോഡ് പണിത് നാട്ടുകാരുടെ വെള്ളം കുടി മുട്ടിക്കുന്നു..! ദുൽഖറിനും സാധാരണക്കാരനും രണ്ടു നീതി

ദുൽഖർ സൽമാൻ്റെ വീട്ടിലേയ്ക്കു വെള്ളം കൊടുക്കാൻ കൊച്ചിയിൽ റോഡ് വെട്ടിപ്പൊളിച്ചു: കോട്ടയം നാട്ടകത്ത് ആറു വർഷത്തിലേറെയായി റോഡ് പണിത് നാട്ടുകാരുടെ വെള്ളം കുടി മുട്ടിക്കുന്നു..! ദുൽഖറിനും സാധാരണക്കാരനും രണ്ടു നീതി

തേർഡ് ഐ ബ്യൂറോ

കൊച്ചി: സൂപ്പർ താരത്തിന്റെ വീട്ടിലേയ്ക്കു വെള്ളമെത്തിക്കാൻ റോഡ് മുഴുവൻ കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി. റോഡ് പണിയുന്നതിനായി ആറു വർഷം മുൻപ് നീക്കം ചെയ്ത പൈപ്പ് ഇതുവരെയും പുനസ്ഥാപിക്കാതെ, നാട്ടുകാർ വെള്ളം കുടിമുട്ടി നിൽക്കുന്ന നാട്ടിലാണ് ഇപ്പോൾ സൂപ്പർ താരത്തിന്റെ വീട്ടിലേയ്ക്കു മാത്രം വെള്ളം കൊണ്ടു ചെന്നെത്തിക്കുന്നതിനായി റോഡ് പൂർണമായും തകർത്തു പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്റെ എളംകുളത്തെ വീട്ടിലേക്ക് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഒരു കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നാട്ടുകാർ ഇടപെട്ട് റോഡ് വെട്ടിപ്പൊളിക്കുന്നത് തടഞ്ഞു. കൗൺസിലറേയോ നാട്ടുകാരെയോ അറിയാക്കാതെ റോഡിൽ കുഴിയെടുത്തതിനെ തുടർന്ന് പത്തോളം കുടുംബങ്ങളിലേക്കുള്ള പൈപ്പ് ലൈൻ തകരാറിലാകുകയും കെ.എസ്.ഇ.ബിയുടെ ഭൂഗർഭ കേബിൾ മുറിഞ്ഞു പോകുകയും ചെയ്തതിനെ തുടർന്നാണ് നാട്ടുകാർ പണി തടസപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ടു മണിയോടെയാണ് എളംകുളം അമ്പോലിപാടം റോഡിൽ വാട്ടർ അഥോറിറ്റി കരാറുകാരൻ ജെ.സി.ബിയുമായെത്തി റോഡ് കുഴിക്കാൻ തുടങ്ങിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വലിയൊരു ശബ്ദത്തോടെ സമീപ പ്രദേശത്തെ വൈദ്യുതി തടസപ്പെട്ടു. ഇതോടെ പ്രദേശ വാസികൾ പുറത്തിറങ്ങിയപ്പോഴാണ് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ 11 കെ.വിയുടെ വൈദ്യുത ലൈൻ മുറിഞ്ഞു പോയതാണ് കാരണം എന്ന് അറിയുന്നത്. പിന്നീട് കുഴിയെടുത്ത് എത്തിയപ്പോഴാണ് പൈപ്പ് ലൈൻ മുറിഞ്ഞ് വെള്ളം പാഴാകുന്നതും കണ്ടത്. ഇതോടെ നാട്ടുകാർ പണി നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സംഭവം അറിഞ്ഞ് ഡിവിഷൻ കൗൺസിലർ സ്ഥലത്തെത്തി. തിങ്കളാഴ്ച റോഡ് കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് തന്നെ അറിയിച്ചില്ല എന്ന് കൗൺസിലർ നാട്ടുകാരോട് പറഞ്ഞു. തുടർന്ന് കരാറുകാരനെ ബന്ധപ്പെട്ടപ്പോൾ കോർപ്പറേഷനിൽ നിന്നും അനുമതി വാങ്ങിയതിനാൽ കൗൺസിലറെ അറിയിക്കണ്ട ആവിശ്യമില്ല. അതുകൊണ്ടാണ് വിവരം പറയാതിരുന്നതെന്നാണ് മറുപടി ലഭിച്ചത്.

ഇതോടെ നാട്ടുകാർ കോപാകുലരാകുകയും പൈപ്പ് പൊട്ടിയതിനും വൈദ്യുതി തകരാറിലാക്കിയതിനും പരിഹാരമുണ്ടാക്കണമെന്നാവശ്യമുയർത്തി. ഇതോടെ താൽക്കാലികമായി പൊട്ടിയ പൈപ്പുകൾ കരാറുകാരൻ പ്ലാസ്റ്റിക് കവറുപയോഗിച്ച് കെട്ടി. പിന്നീട് കെ.എസ്.ഇ.ബിയെ വിവരമറിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും പോസ്റ്റ് വഴിയുള്ള ഇലക്ട്രിക് ലൈൻ വഴി താൽക്കാലിക വൈദ്യുതി നൽകുകയുമായിരുന്നു.

രണ്ടിഞ്ചിന്റെ പൈപ്പ് മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുള്ള നടന്റെ വീട്ടിലേക്ക് കുഴിച്ചിട്ടാണ് വാട്ടർ കണക്ഷൻ നൽകുന്നത്. വീടിന്റെ സമീപത്തു കൂടി പൈപ്പ് ലൈൻ പോകുമ്പോൾ അവിടെ നിന്നും കണക്ഷൻ എടുക്കാതെ മെയിൻ പൈപ്പ് ലൈനിൽ നിന്നും എടുക്കുന്നത് വ്യാപകമായി കുടിവെള്ളം ദുരുപയോഗം ചെയ്യാനാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

വാട്ടർ അഥോറിറ്റി എഞ്ചിനീയറുടെ സാന്നിധ്യത്തിലല്ലാതെ പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മെയ് ആറിനാണ് എളംകുളത്തെ കായലിന്റെ തീരത്തായി പടുകൂറ്റൻ വീട് ദുൽഖർ സൽമാൻ പണികഴിപ്പിച്ച് ഗൃഹപ്രേശനം നടത്തിയത്. ചടങ്ങിന് ശേഷം പണികൾ ഇനിയും പൂർത്തിയാകാത്തതിനാൽ മടങ്ങി പോയിരുന്നു.

ഈ വാർത്ത വിവാദമായി കത്തി നിൽക്കുമ്പോൾ തന്നെയാണ് കോട്ടയം നഗരമധ്യത്തിൽ നാലുവരിപ്പാതയ്ക്കായി പൈപ്പ് ലൈൻ മുഴുവൻ പൂർണമായും മാറ്റിയത് വീണ്ടും ചർച്ചയാകുന്നത്. ആറു വർഷം മുൻപ് റോഡ് നിർമ്മിക്കുന്നതിനായി മാറ്റിയ പൈപ്പ് ലൈൻ ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് ഒരു തുള്ളി വെള്ളം ലഭിക്കാതെ കഴിഞ്ഞ ആറു വർഷമായി ദുരിതത്തിൽ കഴിയുന്നത്. ഇതേ നാട്ടിൽ തന്നെയാണ് ഒരു സൂപ്പർ താരത്തിന്റെ വീട്ടിൽ വെള്ളം എത്തിക്കാൻ റോഡ് തന്നെ തകർക്കുന്നത്.

അറു വർഷം മുൻപ് തകർത്ത കുടി വെള്ള ലൈൻ പുനസ്ഥാപിക്കാൻ നാട്ടുകാർ മുട്ടാത്ത വാതിലുകൾ ഇല്ല. എന്നാൽ ഇതു വരെയും അധികൃതരുടെ മനസിൻ്റെ വാതിൽ ഇവർക്ക് മുന്നിൽ തുറന്നിട്ടില്ല.