play-sharp-fill
കുട്ടനാട്ടിൽ താറാവുകൾ വീണ്ടും കൂട്ടമായി ചത്തൊടുങ്ങുന്നു

കുട്ടനാട്ടിൽ താറാവുകൾ വീണ്ടും കൂട്ടമായി ചത്തൊടുങ്ങുന്നു

സ്വന്തം ലേഖകൻ

മാന്നാർ: കുട്ടനാട്ടിൽ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നതു തുടരുന്നു, ഇന്നലെ ചത്തത് അറുനൂറെണ്ണം. അപ്പർകുട്ടനാട്ടിലെ മാന്നാർ വിഷവർശേരിക്കര പാടശേഖരത്തും പരിസരത്തുമായി കിടക്കുന്ന പാവുക്കര തോട്ടുനിലത്തു സജിയുടെ 600 താറാവിൻ കുഞ്ഞുങ്ങളാണ് ഇന്നലെ വീണ്ടും ചത്തത്. കഴിഞ്ഞ ദിവസം ചത്ത 3000 താറാവിൻ കുഞ്ഞുങ്ങൾക്കു പുറമെയാണിത്. മൃഗസംരക്ഷണാധികൃതർ നിർദേശിച്ച മരുന്നു നൽകിയിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇന്നലെ മാന്നാർ മൃഗാശുപത്രിയിൽ നിന്നും അധികൃതർ പാടത്തെത്തി പരിശോധന നടത്തിയിരുന്നു. താറാവുകൾ കിടക്കുന്ന വെള്ളത്തിലെ അണുബാധയാണ് ഇവ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണു കണ്ടെത്തൽ. ബാക്കിയുള്ളവയെ ഇവിടെ നിന്നു സംഘം നിർദേശിച്ചു ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടു കിലോമീറ്റർ അകലെയുള്ള മറ്റൊരു പാടത്തേക്കു മാറ്റി. ഇവിടെയെത്തിയ ശേഷം ചാകുന്ന താറാവുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി സജി പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്നു പമ്പനദിയിൽ നിന്നുമൊഴുകിയെത്തിയ വെള്ളത്തിലെ അണുബാധയാണു കാരണമെന്നു മൃഗസംരക്ഷണാധികൃതർ പറയുന്നത്. ചെന്നിത്തല, ബുധനൂർ, വീയപുരം, പള്ളിപ്പാട്, കടപ്ര, നിരണം മേഖലയിലും രോഗബാധയുള്ളതായി കർഷകർ പറഞ്ഞു. താറാവുകൾ കൂട്ടത്തോടെ ചത്തതു ബാക്ടീരിയ രോഗബാധ മൂലമാണെന്നു പരിശോധനയിൽ തെളിഞ്ഞതായി ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.പി.സി.സുനിൽകുമാർ പറഞ്ഞു.