ദുബൈ ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചു
സ്വന്തം ലേഖകൻ
കൊച്ചി : മികച്ച സഹകരണ സാധ്യതകള്‍ ആരായുന്നതിനായി ഇന്ത്യയില്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അല്‍ ഖുത്തമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം
കൊച്ചി : ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച.എ) ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ഹുമൈദ് അല്‍ ഖുത്തമിയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രതിനിധി സംഘം ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ എത്തിയ സംഘത്തെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട്, ആസ്റ്റര്‍ മെഡ്‌സിറ്റി ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മികച്ച സഹകരണ സാധ്യതകള്‍ ആരായുന്നതിനായി ഇന്ത്യയില്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബൈ ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ സിഇഒ ഡോ. യൂനസ് കാസിം, ദുബൈ ഹോസ്പിറ്റല്‍ സിഇഒ ഡോ. മറിയം അല്‍ റഹീസി, ലത്തീഫ ഹോസ്പിറ്റല്‍ സിഇഒ ഡോ. മോന തഹ്‌ലക്ക്, റാഷിദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മന്‍സൂര്‍ നത്താരി, യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് സ്മാര്‍ട്ട് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ റെദാ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റംഗങ്ങള്‍.
സെന്റേഴ്‌സ്് ഓഫ് എക്‌സലന്‍സ് ആശയം, സാങ്കേതിക മുന്നേറ്റങ്ങള്‍, അടിയന്തര സേവനം, ഒപിഡി, രോഗികളുടെ മുറികള്‍, റോബോട്ടിക് ചികിത്സ ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രിയിലെ സവിശേഷതകളും പ്രത്യേകതകളും ഡോ. ആസാദ് മൂപ്പനും സംഘവും പ്രതിനിധികള്‍ക്ക് വിശദീകരിച്ചു നല്‍കി. ഒന്നര വയസുള്ള കുട്ടിയില്‍ നടത്തിയ വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ പ്രക്രിയ ഉള്‍പ്പെടെ ആശുപത്രിയില്‍ നടന്ന നിരവധി അപൂര്‍വ പ്രക്രിയകളെ കുറിച്ചും ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകളില്‍ 50 ശതമാനത്തിലധികം റോബോട്ടിന്റെ സഹായത്തോടെ ആയതിനാല്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രക്രിയകളെക്കുറിച്ചും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
ലോകോത്തര നിലവാരമുള്ള ആരോഗ്യസംരക്ഷണ സംവിധാനം പ്രദാനം ചെയ്യുകയെന്ന എമിറേറ്റിന്റെ കാഴ്ചപ്പാട് കൈവരിക്കുന്നതിനായി ദുബായിലെ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് ഹുമൈദ് അല്‍ ഖുത്തമി പറഞ്ഞു. ഇന്ത്യയിലെ സന്ദര്‍ശനത്തിലുടനീളം, തങ്ങളുടെ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഈ രംഗത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സഹകരണ അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിജ്ഞാന കൈമാറ്റം സുഗമമാക്കുന്നതിനുമായി സുപ്രധാനമായ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രധാന പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കൂടാതെ ആരോഗ്യ സേവനങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് പതിറ്റാണ്ട് മുമ്പ് യുഎഇയില്‍ യാത്ര ആരംഭിച്ച തങ്ങളുടെ ഇന്ത്യയിലെ സുപ്രധാന സ്ഥാപനത്തിലേക്ക് വളരെ അഭിമാനത്തോടെയാണ് ഹിസ് എക്‌സലന്‍സി ഹുമൈദ് അല്‍ ഖുത്തമിയെ സ്വാഗതം ചെയ്യുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. യുഎഇയുടെയും ആ രാജ്യത്തിന്റെ നേതാക്കളുടെയും പ്രചോദനം ഉള്‍ക്കൊണ്ട്, ആരോഗ്യ പരിപാലന രംഗത്ത് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനും തങ്ങളുടെ എല്ലാ ആശുപത്രികളിലും ചികിത്സയിലും രോഗീപരിചരണത്തിലും ആഗോള നിലവാരം പുലര്‍ത്താനും നിരന്തരം പരിശ്രമിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ഡോ. ആസാദ് മൂപ്പന്‍ ഹുമൈദ് അല്‍ ഖുത്തമിയുടെയും പ്രതിനിധി സംഘത്തിന്റെയും സന്ദര്‍ശനം ഫലപ്രദമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.