play-sharp-fill
ദുബായിയിൽ ഏഴു കോടിയുടെ ലോട്ടറി മലയാളിയ്ക്ക്; സുഹൃത്തുക്കളുമായി ലോട്ടറി വിജയം പങ്കു വയ്ക്കും; ആഘോഷത്തോടെ മലയാളി സമൂഹം

ദുബായിയിൽ ഏഴു കോടിയുടെ ലോട്ടറി മലയാളിയ്ക്ക്; സുഹൃത്തുക്കളുമായി ലോട്ടറി വിജയം പങ്കു വയ്ക്കും; ആഘോഷത്തോടെ മലയാളി സമൂഹം

സ്വന്തം ലേഖകൻ
ദുബായ്: കോടികളുടെ വിജയത്തിന്റെ അടിത്തറ പാകി ദുബായിയിൽ മലയാളിയ്ക്ക് നറക്കെടുപ്പിൽ വിജയം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യനേട്ടവുമായി മലയാളി. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് കണ്ണൂർ പഴയങ്ങാടി ഏഴോം സ്വദേശി നീരജ് ഹരിക്ക് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ലഭിച്ചത്. നീരജും സുഹൃത്തുക്കളായ ഒൻപത് പേരും ചേർന്നാണ് ടിക്കറ്റെടുത്തത്. അതിനാൽ ഈ ഒൻപത് സുഹൃത്തുക്കളുമായി നീരജ് തുക പങ്കുവെക്കും. ജബൽ അലിയിലെ ലോജിസ്റ്റിക് കമ്ബനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ് നീരജ്. നീരജിന്റെ സഹപ്രവർത്തകർ കൂടിയായ രതീഷ് കുമാർ, കൃഷ്ണപ്രസാദ്, തമിഴ്‌നാട് സ്വദേശി ഷൺമുഖം, പശ്ചിമ ബംഗാൾ സ്വദേശി സിദ്ദ് സരോവർ, തൃശൂർ സ്വദേശി റിഹാൻ, കണ്ണൂർ സ്വദേശികളായ ധനേഷ്, ചന്ദ്രൻ, സുനിൽ, ഉല്ലാസ്, എന്നിവരുമായി ചേർന്നാണ് തുക പങ്കുവയ്ക്കുക.
ഒരാൾ 100 ദിർഹം വീതം ചെലവഴിച്ച് 1000 ദിർഹത്തിനാണ് ഈ സുഹൃത്തുക്കൾ ടിക്കറ്റെടുത്തത്. കഴിഞ്ഞ നാല് വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുകയാണ് നീരജ്. അന്നുതൊട്ട് ഇടയ്ക്കിടെ സുഹൃത്തുക്കളുമായി ചേർന്ന് നീരജ് ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഭാഗ്യം കൊണ്ടുവന്ന 306 സീരീസിലെ 2711 നമ്പർ ടിക്കറ്റ് ജൂലൈ ആദ്യമാണ് എടുക്കുന്നത്. രാവിലെ നീരജ് ഓഫീസിൽ ജോലിയിലായിരിക്കെയാണ് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന വിവരം ഡ്യൂട്ടി ഫ്രീ അധികൃതർ ഫോണിൽ വിളിച്ചുപറയുന്നത്. ആദ്യം സംഗതി നീരജ് വിശ്വസിച്ചില്ല. പിന്നീട് ഡ്യൂട്ടി ഫ്രീ അധികൃതരെ വിളിച്ച് ഉറപ്പാക്കി. സമ്മാനപ്രഖ്യാപനത്തിന്റെ വീഡിയോ സുഹൃത്തക്കളും അയച്ച് തന്നതോടെ നീരജിന് പൂർണവിശ്വാസമായി.
കണക്കനുസരിച്ച് സുഹൃത്തുക്കൾക്ക് ഓരോരുത്തർക്കും 71 ലക്ഷം രൂപയാണ് ലഭിക്കുക. മംഗളുരുവിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ നീരജ് ഹരിദാസ്-ശോഭന എന്നിവരുടെ മകനാണ്. സിജിയാണ് നീരജിന്റെ ഭാര്യ. തനിക്ക് ലഭിക്കുന്ന പണത്തിൽ നിന്നും നാട്ടിലുള്ള ബാങ്ക് വായ്പ്പ അടച്ചുതീർക്കാനാണ് നീരജ് പദ്ധതിയിടുന്നത്. ബാക്കി തുക ബാങ്കിലിടും. ഇതിന് മുൻപും യു.എ.ഇയിൽ നടന്ന ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ കൂടുതലും മലയാളികളെയാണ് ഭാഗ്യം തേടിയെത്തിയത്.