
ഒൻപത് ലിറ്റർ വിദേശമദ്യവുമായി മണിമല സ്വദേശി പിടിയിൽ; പിടികൂടിയത് വിൽക്കാൻ സൂക്ഷിച്ചിരുന്ന മദ്യം
തേർഡ് ഐ ബ്യൂറോ
മണിമല: അനധികൃതമായി വിൽക്കുന്നതിനു അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി. മണിമല കോത്തലപ്പടി ഭാഗത്ത് തൃപ്പല്ലിക്കൽ വീട്ടിൽ ബേസിൽ ജോസഫിനെ(53)യാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും മണിമല പൊലീസ് സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഒൻപത് ലിറ്റർ വിദേശമദ്യവും പൊലീസ് സംഘം പിടിച്ചെടുത്തു. മണിമലയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് ബേസിൽ ജോസഫ്. ഇയാൾ വീടുകൾ കേന്ദ്രീകരിച്ചു മദ്യം കൊണ്ടു നടന്നു വിൽക്കുകയാണ് ചെയ്തിരുന്നത്. ഓട്ടോറിക്ഷയിൽ ഓരോ വീടുകളിലും ഇയാൾ മദ്യം എത്തിച്ചു വിൽപ്പന നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരലിറ്റർ വിദേശ മദ്യത്തിന് ബിവറേജസിലേതിനേക്കാൾ 150 മുതൽ 200 രൂപ വരെ അധികമായി ഇയാൾ ഈടാക്കിയിരുന്നു. വീടിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ചാണ് ഇയാൾ മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. ഓണക്കാലത്തെ കച്ചവടം ലക്ഷ്യമിട്ടാണ് ഇയാൾ മദ്യക്കുപ്പികൾ വീട്ടിൽ സൂക്ഷിച്ചിരുന്നത്. മണിമലയിലും പരിസരത്തും ഇയാൾ മദ്യം വിൽപ്പന നടത്തിയിരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സേനാംഗങ്ങൾ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്നു, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, മണിമല സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷാജിമോൻ, എസ്.ഐമാരായ ജിബി കെ.ജോൺ, വിദ്യാധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിജി കുട്ടപ്പൻ, അജിമുദീൻ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ അജയകുമാർ, ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു, അരുൺ എസ്. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.