
മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി ഹോട്ടല്‍ മുറിയില്‍ നിന്നും രണ്ട് യുവാക്കള്‍ അറസ്റ്റില്‍
സ്വന്തം ലേഖിക
കോഴിക്കോട്: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട.
പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും രണ്ടു യുവാക്കളെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. 210 മിഗ്രാം എംഡിഎംഎ യുമായി മാത്തോട്ടം സ്വദേശിയായ സജാദ് (24) , നടുവട്ടം എന്‍.പി വീട്ടില്‍ മെഹറൂഫ് (29) എന്നിവരാണ് പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ഹോട്ടലുകളില്‍ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്.
ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുന്നതാണ് സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രത്യേകത. തലച്ചോറിലെ കോശങ്ങള്‍ വരെ നശിപ്പിക്കാന്‍ ശേഷിയുള്ള സിന്തറ്റിക് ഡ്രഗ്ഗുകളാണ് ദിനംപ്രതി ലഹരി വിപണിയില്‍ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നത്.
ഗോവയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകള്‍ യുവതലമുറയെ തകര്‍ക്കാന്‍ അതിര്‍ത്തികടന്നെത്തുന്നത്. മുൻപ് ഗ്രാമിന് രണ്ടായിരം രൂപ യായിരുന്നത് എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോള്‍ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.
ഡന്‍സാഫ് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ഇ.മനോജ്, പന്നിയങ്കര സബ്ബ് ഇന്‍സ്പെക്ടര്‍ മുരളിധരന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍ നായര്‍, സീനിയര്‍ സിപിഒ പി. ജിനീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.