മയക്കുമരുന്ന് നിരോധനനിയമം ; എക്‌സൈസ് വകുപ്പിലെ ആദ്യ കരുതല്‍ തടങ്കല്‍ കോട്ടയത്ത് ; തടങ്കലിലാക്കിയത് എരുമേലി സ്വദേശിയായ യുവാവിനെ ; അപൂര്‍വ നടപടി കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ടീം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ള എക്‌സൈസ് വകുപ്പിലെ ആദ്യ കരുതല്‍ തടങ്കല്‍ കോട്ടയത്ത്. സംസ്ഥാനത്ത് ആദ്യമായി മയക്കുമരുന്ന് കേസിലെ പ്രതിക്കെതിരേയുള്ള എക്‌സൈസ് വകുപ്പിന്‍റെ കരുതല്‍ തടങ്കല്‍ ശിപാര്‍ശ കേസില്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവായി.
1988ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്‌ട് പ്രകാരം ഒരു വര്‍ഷംവരെ ജാമ്യമില്ലാതെ തടങ്കലില്‍ വയ്ക്കുന്ന കേസില്‍ സ്ഥിരം കുറ്റവാളിയും മയക്കുമരുന്ന് ഇടപാടുകാരനുമായ എരുമേലി ഓലിക്കപ്പാറ അഷ്‌കര്‍ അഷറഫിനെ (25) എക്‌സൈസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടങ്കലിലാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പല തവണ വന്‍തോതില്‍ മാരകമയക്കുമരുന്നുകളുമായി പിടിയിലായിട്ടുള്ള അഷ്‌കര്‍ അഷറഫിനെ തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടാല്‍ അത് സമൂഹത്തില്‍ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അനധികൃത മയക്കുമരുന്ന് കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും വര്‍ധിപ്പിക്കുമെന്നും ചുണ്ടിക്കാട്ടി പിഐടി നിയമ പ്രകാരം കരുതല്‍ തടങ്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനായി കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ടീം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അപൂര്‍വ നടപടികളിലേക്ക് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്‍റിനെ നയിച്ചത്.
എറണാകുളം വൈറ്റില ചക്കരപ്പറമ്ബില്‍ ഒന്നരക്കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവരവേ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് അഷ്‌കര്‍ അഷറഫിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്ത് എന്‍ഡിപിഎസ് നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണയിലാണ്.
ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വിചാരണ നേരിടുമ്ബോള്‍ തന്നെ പാലായില്‍ രാസലഹരിയായ മെത്താംഫിറ്റമൈന്‍, എല്‍എസ്ഡി സ്റ്റാമ്ബ് എന്നിവ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് എന്‍ഡിപിഎസ് നിയമപ്രകാരം അഷ്‌കര്‍ അഷറഫിനെതിരേ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഷ്‌കര്‍ അഷ്റഫ് വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണെങ്കിലും എല്‍എസ്ഡി, മെത്താംഫെറ്റാമൈന്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് എക്‌സൈസ് പറഞ്ഞു.
കോട്ടയം, എറണാകുളം ജില്ലകളിലായി മയക്കുമരുന്ന് കച്ചവടക്കാരുടെയും ഇടപാടുകാരുടെയും വലിയ ശൃംഖലയാണ് അഷ്‌ക്കറിനുള്ളത്.
നിലവില്‍ അഷ്‌കര്‍ അഷ്റഫ് വിചാരണ നടപടികള്‍ക്ക് വിധേയനായി ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരവേയാണ് ഈ രീതിയില്‍ കരുതല്‍ തടങ്കല്‍ നടപടിയിലൂടെ ജയില്‍ മോചിതനാവാനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കി എക്‌സൈസ് വകുപ്പിന്‍റെ മുന്‍കരുതല്‍ നടപടി. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ടീമില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ ആര്‍. രാജേഷ്, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. വികാസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. അഞ്‌ജു, സി.ബി. സുജാത എന്നിവരാണുണ്ടായിരുന്നത്.