play-sharp-fill
മഴക്കെടുതിയിൽ ദുരിതം നേടിരുന്നവർക്ക് സഹായഹസ്തവുമായി ദൃശ്യാ ചാനലും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും

മഴക്കെടുതിയിൽ ദുരിതം നേടിരുന്നവർക്ക് സഹായഹസ്തവുമായി ദൃശ്യാ ചാനലും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായവുമായി ദൃശ്യയുടെയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും പ്രതിനിധിധിസംഘം കോട്ടയം കളക്ട്രേറ്റിലെത്തി. ദുരിതബാധിതർക്ക് വസ്ത്രങ്ങളാണ് ദൃശ്യയും സിഒഎയും ചേർന്ന് കൈമാറിയത്. കാലവർഷം സമ്മാനിച്ച ദുരിതത്തിൽ നിന്നും കരകയറാനാവാതെ ജില്ലയുടെ പടിഞ്ഞാറൻ നിവാസികൾ ബുദ്ധിമുട്ടുമ്പോൾ സഹായഹസ്തം നീട്ടി ദൃശ്യയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തി. പ്രളയബാധിത മേഖലകളിലെ ദുരിതകാഴ്ചകൾ ദൃശ്യാ വാർത്തകൾ സമൂഹത്തിന് തുറന്നു കാട്ടിയതിനെ തുടർന്നാണ് കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ ദൃശ്യയും സിഒഎയും മുന്നിട്ടിറങ്ങിയത്.

മറ്റു സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തപ്പോൾ മഴക്കെടുതി മൂലം വീടു വിട്ടു കഴിയുന്നവർക്കും വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കും വിതരണം ചെയ്യാനായി വസ്ത്രങ്ങളും കുടിവെള്ളവുമാണ് ദൃശ്യയും സിഒഎയും എത്തിച്ചു നൽകിയത്. ആയിരം കുപ്പി കുടിവെള്ളവും നാനൂറോളം പേർക്കുള്ള വസ്ത്രങ്ങളും തുവർത്ത്, പുതപ്പ്, ബെഡ്ഷീറ്റ് തുടങ്ങിയവയും കോട്ടയം കളക്ട്രേറ്റിലെത്തിച്ചു നൽകുകയായിരുന്നു. സർക്കാരും വിവിധ സംഘടനകളും ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ ധാരാളമായി എത്തിക്കുന്നുണ്ടെങ്കിലും തോരാതെ പെയ്യുന്ന മഴയിൽ ക്യാമ്പിൽ കഴിയുന്ന പലർക്കും മാറിയുടുക്കാൻ വസ്ത്രങ്ങളില്ലാത്ത സ്ഥിതിയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിനെ തുടർന്നാണ് വസ്ത്രങ്ങൾ എത്തിച്ചു നൽകാൻ ദൃശ്യയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും തീരുമാനിച്ചത്. ഇതോടൊപ്പം പടിഞ്ഞാറൻമേഖലയിലെ ശുദ്ധജലക്ഷാമം പരിഗണിച്ച് ആയിരംകുപ്പി കുടിവെള്ളവും എത്തിച്ചു നൽകി. കോട്ടയം കളക്ടേറ്റിൽ വച്ച് ജില്ലാ കളക്ടർ ഡോ ബി എസ് തിരുമേനി വസ്ത്രങ്ങളും കുപ്പിവെള്ളവും ഏറ്റുവാങ്ങി. ദൃശ്യാ ചാനൽ ചെയർമാൻ ടി പി അജിത്കുമാർ, മാനേജിംഗ് ഡയറക്ടർ ബി റെജി, കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി എസ് സിബി, സെക്രട്ടറി ബിനു വി കല്ലേപ്പിള്ളി, ദൃശ്യാ ചാനൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് നവാസ്, പി കെ അനീഷ് , ജോബി ബിനെറ്റ്, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗങ്ങളായ അനീഷ് ആലപുരം, ഒ ബി വർഗ്ഗീസ്, കെ ബി സുരേഷ്, കൊച്ചുമോൻ മണർകാട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആവശ്യപ്പെട്ടാൽ കൂടുതൽ സഹായം എത്തിക്കാൻ സന്നദ്ധമാണെന്നും ദൃശ്യ ചാനൽ- കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group