രാജകുടുംബത്തില്‍ ജനിച്ച് ഡോക്ടറായി; സി അച്ചുതമേനോന്റെ നിര്‍ദ്ദേശപ്രകാരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിപ്പടുക്കുന്ന ചുമതല ഏറ്റതോടെ ചരിത്രം വഴിമാറി; നിലച്ചത് നിരവധി പേരുടെ ജീവന് കാവലായി മാറിയ ഹൃദയം; പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ദൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിന്റെ പ്രഥമ ഡയറക്ടറും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു.
ഇന്ത്യൻ നാഷണല്‍ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചുകാരനാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്.
എംഎസ് പഠനം യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളില്‍. എഫ്‌ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷൻ ആൻഡ് റിസർച്ചില്‍ (പിജിമർ) കുറച്ചു കാലം ജോലി ചെയ്തു. ജോലി കിട്ടിയപ്പോഴും പഠനം ഉപേക്ഷിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉന്നതപഠനത്തിനായി ജോണ്‍ ഹോപ്കിൻസ് അടക്കമുള്ള ഉന്നത വിദേശ സർവകലാശാലകളിലേക്ക് തിരികെപ്പോയി.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികള്‍ക്കു കൂടുതല്‍ പരിചയം.
മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് തന്നെ അദ്ദേഹം മാറ്റിയെടുത്തു. മെഡിക്കല്‍ സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിർമിച്ച് ഇന്ത്യയില്‍ ആദ്യമായി കുറഞ്ഞ വിലയ്ക്കു വാല്‍വ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശ്രമങ്ങളുടെ മാറ്റ് വളരെക്കൂടുതലാണ്.
രക്തബാഗുകള്‍ നിർമിച്ചു വ്യാപകമാക്കിയതു മറ്റൊരു ഉദാഹരണം.