കേരളത്തിലെ ആദ്യ കാന്‍സര്‍ ചികിത്സകൻ ഡോക്ടര്‍ സി.പി.മാത്യു വിടവാങ്ങി
സ്വന്തം ലേഖിക
ചങ്ങനാശ്ശേരി: കേരളത്തിലെ ആദ്യ കാന്‍സര്‍ ചികിത്സകൻ ഡോക്ടര്‍ സി.പി.മാത്യു വിടവാങ്ങി.
കേരളത്തിലെ ആദ്യത്തെ എംബിബിഎസ് ഡോക്ടര്‍മാരില്‍ ഒരാളുമായിരുന്നു. പ്രായാധിക്യം മറന്ന് അവസാനനാളിലും രോഗികള്‍ക്ക് പ്രതീക്ഷയും പുതുജീവനും നല്‍കി മണര്‍കാട് ചെറിയാന്‍ ആശ്രമത്തില്‍ സജീവമായിരുന്നു അദ്ദേഹം. റിട്ടയര്‍മെന്റിന് ശേഷം സിദ്ധ, ആയുര്‍വേദ തുടങ്ങിയ ഭാരതീയ ചികിത്സാ സമ്ബ്രദായങ്ങളും ഹോമിയോയും ഉള്‍പ്പെടുത്തിയ സംയോജിത ചികിത്സയിലൂടെയാണ് കാന്‍സര്‍ ചികിത്സിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1960 മുതല്‍ 1986 വരെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി പതിനായിരത്തിലധികം കാന്‍സര്‍ രോഗികളെ ചികിത്സിച്ചു. 1954ല്‍ തൃശൂര്‍ സിവില്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മെഡിക്കല്‍ ഓഫീസര്‍ ആയി. അവിടെ ജോലിയിലിരിക്കുമ്ബോള്‍ 9 പേരുടെ വധശിക്ഷ നടപ്പാക്കിയതിന് സാക്ഷിയായി. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോളജി പഠനത്തിന് ശേഷം കേരളത്തിലെ ആദ്യ കാന്‍സര്‍ സ്പെഷ്യലിസ്റ്റ് എന്ന വിശേഷണത്തോടെ 1960ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി.
1986ല്‍ ഓങ്കോളജി പ്രൊഫസറായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ഹോമിയോ, സിദ്ധ വൈദ്യം തുടങ്ങിയ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ച് സ്വന്തമായി വികസിപ്പിച്ചെടുത്ത രീതിയിലൂടെ കാന്‍സര്‍ ചികിത്സയില്‍ സജീവമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതനിടെ, ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് വിധിയെഴുതിയ ഒരു രോഗി ആഴ്ചകള്‍ക്ക് ശേഷം സുഖം പ്രാപിച്ച് തന്നെ കാണാന്‍ എത്തിയതോടെയാണ് മറ്റ് ചികിത്സാരീതികളെ കുറിച്ച് പഠിക്കാനും അറിയാനും ശ്രമിച്ചതെന്ന് ഡോ. മാത്യു പറഞ്ഞിട്ടുണ്ട്.
ഈ രോഗിയെ ചികിത്സിച്ച വൈദ്യനെ കണ്ടെത്തുകയും അദ്ദേഹത്തോടൊപ്പം ശിവഗംഗവരെ യാത്ര ചെയ്യുകയും ചെയ്തു. വൈദ്യനില്‍ നിന്നും കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ചികിത്സാ രീതികള്‍ സമന്വയിപ്പിച്ച് പുതിയ രീതി പരീക്ഷിച്ച് തുടങ്ങിയത്. ഭക്ഷണ രീതി ക്രമീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ അകറ്റാനാകുമെന്നും രോഗപ്രതിരോധ ശേഷി കുറവാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്നുമായിരുന്നു ഡോക്ടറുടെ നിലപാട്. താന്‍ നടത്തിയിരുന്ന ചികിത്സാ രീതികളെ കുറിച്ച് വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടായപ്പോള്‍ ‘ഫലപ്രാപ്തിയില്‍ മാത്രം വിശ്വസിക്കൂ’ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.
ചങ്ങനാശ്ശേരി തുരുത്തിയില്‍ സി എം പോളിന്റെയും കാതറിന്റെയും മകനാണ്. മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്നാണ് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. 1954-ല്‍ സര്‍വീസില്‍ പ്രവേശിച്ചു. 92 വയസില്‍ പത്തു ദിവസം മുമ്ബുവരെ രോഗികളെ ചികിത്സിച്ചു. ക്ഷീണം തോന്നിയപ്പോള്‍ കിടന്നു. ആശുപത്രിയില്‍ പോകണ്ട എന്ന് ബന്ധുക്കളോട് പറഞ്ഞു. മരണത്തെ കാത്തിരുന്ന പോലെ ശാന്തമായി സ്വീകരിച്ചു.
ഭാര്യ: പരേതയായ റോസി ജേക്കബ് ബി.സി.എം. കോളജ് മുന്‍ അധ്യാപിക (വായ്പൂര് അടിപുഴ കുടുംബാംഗം). മക്കള്‍: മോഹന്‍, ജീവന്‍, സന്തോഷ്. മരുമക്കള്‍: അന്ന, നിമ്മി, ആനി.