അരിയിൽ പെയിന്റടിക്കും, പാലിലും മീനിലും ഫോർമാലിൻ, പച്ചക്കറിയിലും പഴങ്ങളിലും മസാലപ്പൊടികളിലും വിഷം, കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം മലയാളികളുടെ തീൻ മേശയിലേക്കെത്തുന്നത് ഇവയൊക്കെ
ശ്രീകുമാർ
കോട്ടയം: ഡബിൾ ഹോഴ്‌സിന്റെ പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്ത് കളർ നൽകി കുത്തരിയാക്കുന്നു. പ്രമുഖ ബ്രാൻഡായ ഡബിൾ ഹോഴ്സിന്റെ മട്ട അരിയിൽ മായം കലർന്നിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡബിൾ ഹോഴ്സിന്റെ മട്ട ബ്രോക്കൺ അരി കഴുകുമ്പോൾ നിറം മാറി തൂവെള്ളയാകുന്നുവെന്ന് കാണിച്ച് ജെസി നാരായണൻ എന്ന വീട്ടമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്. പച്ചരിയിൽ അമിതമായി തവിടെണ്ണയും തവിടും ചേർത്ത് നിറം മാറ്റി കബളിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. ഇതോടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്റ്റ് 2006 പ്രകാരം ഡബിൾ ഹോഴ്സ് കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും രാജമാണിക്യം നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ഈസ്റ്റേൺ, ഡബിൾ ഹോഴ്‌സ് അടക്കമുള്ള കമ്പനികളുടെ മസാലപ്പൊടികളിൽ മാരക വിഷം കണ്ടെത്തിയത്. ഇവ ക്യാൻസറിനു വരെ കാരണമാകുന്നവയാണ്. തൊട്ടുപുറകെ കേരളത്തിൽ ഉല്പാദിപ്പിക്കുന്ന ഒട്ടുമിക്ക കമ്പനികളുടെ കുടിവെള്ളത്തിലും ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി (ഇകോളി എന്നാൽ കക്കൂസ് മാലിന്യം അടങ്ങിയിട്ടുണ്ട് എന്നർത്ഥം).
കേരളത്തിലേക്കെത്തുന്ന മത്സ്യത്തിൽ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന ഫോർമാലിന്റെ സാന്നിധ്യം മാരകമായ രീതിയിൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഒരു ലക്ഷത്തോളം കിലോ മത്സ്യമാണ് വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി നശിപ്പിച്ചു കളഞ്ഞത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന പാലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ അടക്കമുള്ള മാരകവിഷങ്ങൾ ചേർക്കുന്നതിന്റെ പരിശോധനാ ഫലങ്ങളും പുറത്തു വന്നിട്ട് അധികമായില്ല. ഫോർമാലിൻ ചേർത്ത പാലും തൈരും ഫ്രിഡ്ജിൽ വയ്ക്കാതെ പുറത്തു വച്ചിരുന്നാലും മൂന്നു ദിവസം വരെ കേടുകൂടാതിരിക്കും. മായം ചേർക്കാത്ത പാൽ പുറത്തു വച്ചിരുന്നാൽ മണിക്കൂറുകൾക്കുള്ളിൽ കേടാകുമ്പോഴാണ് ഈ വൈരുദ്ധ്യം.
കേരളത്തിലേക്കെത്തുന്ന മാമ്പഴത്തിൽ അമോണിയയുടെ അളവ് മാരകമായ രീതിയിൽ ഉണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നതും അടുത്ത നാളുകളിലാണ്. മാമ്പഴത്തിന് നല്ല കളർ ലഭിക്കുന്നതിനും ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിനുമാണ് അമോണിയവും മറ്റ് മാരക വിഷങ്ങളും ചേർക്കുന്നത്. ആപ്പിളിൽ മാരകവിഷങ്ങൾ ചേർക്കുന്നതിനു പുറമെ മെഴുകു ലായനിയിൽ മുക്കിയാണ് കേരളത്തിലേക്ക് വിടുന്നത്.
തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്കെത്തുന്ന പച്ചക്കറിയിൽ എൻഡോസൾഫാൻ അടക്കമുള്ള മാരകവിഷമാണ് തളിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചുരുക്കി പറഞ്ഞാൽ മലയാളി, ഭക്ഷണത്തേക്കാളേറെ വിഷം കഴിച്ചാണ് വയറു നിറയ്ക്കുന്നത്. ഇവയെല്ലാമാണ് ക്യാൻസർ, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾ ദേശീയ ശരാശരിയിലും ഉയർന്ന നിലയിൽ കേരളത്തിൽ കണ്ടു വരുന്നതിന് കാരണമാകുന്നത്. ഇതു തന്നെയാണ് കേരളത്തിലെ സ്വകാര്യ കുത്തക ആശുപത്രികളുടെ ഭീമാകാരമായ വളർച്ചയുടേയും കാരണം.