
തേർഡ് ഐ ബ്യൂറോ
കോട്ടയം: വീടുവിട്ട യുവാവിനെ കാണാനില്ലെന്ന പരാതിയുമായി എത്തിയ വീട്ടുകാർക്കു മുന്നിൽ വഴി കാട്ടിയായി രവി ഓടി..! ഡിപ്രഷനെ തുടർന്ന് വീടുവിട്ട് യുവാവിനെയാണ് ഹെൽമെറ്റിൽ നിന്നു മണം പിടിച്ച് പിന്നാലെ ഓടിയ രവി കണ്ടെത്തി നൽകിയത്. ബൈക്ക് കണ്ടെത്തിയ സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇയാളെ രവി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കം വല്ലകം സ്വദേശിയായ യുവാവിനെയാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്നു വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ പ്രദേശത്തു തന്നെയുള്ള റോഡരികിൽ ഇയാളുടെ ബൈക്കും, മൊബൈൽ ഫോണും ഹെൽമറ്റും കണ്ടെത്തി. ഉച്ചവരെ തിരച്ചിൽ നടത്തിയിട്ടും പൊലീസിനു യുവാവിനെപ്പറ്റി വിവരം ലഭിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നാണ് പൊലീസ് ഡോഗ് സ്‌ക്വാഡിനെ വൈക്കം പൊലീസ് വിവരം അറിയിച്ചത്. തുടർന്നു സ്ഥലത്ത് എത്തിയ ഡോഗ് സ്‌ക്വാഡായ കെ9 സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ട്രാക്കർ ഡോഗ് രവി കാണാതായ യുവാവിന്റെ ബൈക്കും ഫോണും ഉള്ള സ്ഥലത്ത് എത്തി. തുടർന്നു, സ്ഥലത്ത് പരിശോധന നടത്തിയ കെ9 സ്‌ക്വാഡിലെ രവിയുടെ ട്രാക്കർമാരും സിവിൽ പൊലീസ് ഓഫിസർമാരുമായ സുനിൽ കുമാറും, ബിറ്റുവും ചേർന്നു യുവാവിന്റെ ഹെൽമറ്റിൽ നിന്നും രവിയ്ക്കു മണം നൽകി.
ഇവിടെ നിന്നും മണം പിടിച്ച രവി നേരെ ഓടിയത് ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തിലേയ്ക്കാണ്. ഇവിടെ എത്തിയ നായ മണം പിടിച്ചു പ്രദേശമെല്ലാം ചുറ്റിക്കറങ്ങി. പൊലീസ് നായ രവി നൽകിയ സൂചന പ്രകാരം പ്രദേശത്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം, ഈ വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്നു, ഇയാളെ കോടതിയിൽ ഹാജരാക്കി.
മാനസികമായി അസ്വസ്ഥതയും, ഡിപ്രഷനും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവ് വീടുവിട്ടു പോയത്. തനിയെ ഇരിക്കാൻ ആഗ്രഹിക്കുന്നതിനായി ആളൊഴിഞ്ഞ വീടിനുള്ളിൽ കയറിയ ഇരിക്കുകയായിരുന്നു. ഇയാളെ കോടതിയുടെ നിർദേശാനുസരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിപ്രഷന് ഇയാൾക്കു ചികിത്സ നൽകുകയും ചെയ്തു.



