ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.
സ്വന്തം ലേഖിക
തിരുവനന്തപുരം : ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒപിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല.
സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും.ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കമ്മീഷൻ ബിൽ പാസാകുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ എണ്ണത്തിൻറെ 30 ശതമാനം പേർക്കാണ് അതിനുള്ള അനുമതി കിട്ടുക. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമം വന്നാൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേർക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും. ആരോഗ്യമേഖലയിൽ ആർക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടുമില്ല.
എംബിബിഎസിൻറെ അവസാന വർഷ പരീക്ഷ പിജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഇതോടെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിൻറെ ഗുണമേന്മ കുറയുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. നിയമം വന്നാൽ മെഡിക്കൽ കൗൺസിലിന് പകരം വരുന്ന മെഡിക്കൽ കമ്മീഷനിൽ 90 ശതമാനം പേരും സർക്കാർ നോമിനികളാകും.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്.