
കൊച്ചി: തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിക്കുന്ന 39 കാരിയായ നാഗർകോവിൽ സ്വദേശിനിയായ വനിതാ ഡോക്ടറെ കണ്ടെത്തി.
ഫെബ്രുവരി ഒന്നിന് രാത്രി 10-ന് വൈറ്റില ഹബ്ബിൽ യുവതി ഇരുന്ന് കരയുന്നത് കണ്ടവർ വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. പിന്നാലെ കൺട്രോൾ റൂം സംഘം ഇവരെ വനിതാ സ്റ്റേഷനിൽ എത്തിച്ചു.
പേരും താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവർക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ. ഇതോടെ കാക്കനാടുള്ള കേന്ദ്രത്തിൽ ഇവരെ പാർപ്പിച്ചു. വനിതാ സ്റ്റേഷൻ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ശർമിളയും സിപിഒമാരായ അമൃത, വീണ എന്നിവരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വനിതാ ഡോക്ടർ സൗത്ത് ജനതാ റോഡിൽ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയിലാണ് ഇവരുടെ ബാഗും ആധാർ കാർഡും മറ്റുരേഖകളും ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിൽ നിന്ന് മറ്റൊരു ഫോൺ നമ്പരെടുത്തു. ഇതിൽ ബന്ധപ്പെട്ടപ്പോൾ അത് വനിതാ ഡോക്ടറുടെ മുൻ ഭർത്താവിന്റേതാണെന്ന് മനസ്സിലായി. മനഃശാസ്ത്രവിദഗ്ധനായ താനും വനിതാ ഡോക്ടറും ബന്ധം വേർപിരിഞ്ഞതാണെന്നറിയിച്ച അദ്ദേഹം സ്ത്രീയുടെ മാതാപിതാക്കളുടെ നമ്പർ കൈമാറി.
മാതാപിതാക്കളെ ബന്ധപ്പെട്ടപ്പോഴാണ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മൂന്നു മാസം മുൻപ് നാഗർകോവിൽ പോലീസ് കേസെടുത്ത വിവരം ലഭിച്ചത്. സിറ്റി പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് തമിഴ്നാട് പോലീസിനൊപ്പം ഡോക്ടറുടെ മാതാപിതാക്കളുമെത്തി മകളുമായി നാട്ടിലേക്ക് മടങ്ങി.



